ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല
|ശനിയാഴ്ച മുതലാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സാരമായ ഇളവുകള്‍ നടപ്പിലാക്കുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഉപാധികളുണ്ട്. മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം.
സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം. ഇടപാടുകാരുമായി ബന്ധം പുലര്‍ത്തുന്ന, പരസ്പരം ഇടപഴകേണ്ട സാഹചര്യമുള്ള ജോലിക്കാരും മാസ്‌ക് ധരിക്കണം. മറ്റു നിയന്ത്രണങ്ങള്‍ നിലവിലുള്ള അതേ പടി തന്നെ തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.