മെട്രാഷ് ടു പരിഷ്കരിച്ചു; ഖത്തറില്‍ ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ലളിതമാകും
|നവജാത ശിശുക്കളുടെ ജനനസർട്ടിഫിക്കറ്റ്, റെസിഡൻറ് പെർമിറ്റ്, കമ്പനികൾക്ക് പി.ആർ.ഒമാരുടെ സഹായമില്ലാതെ ആർ.പി പുതുക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് മെട്രാഷിൻെറ നവീകരണം
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുസേവന മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് ടു പരിഷ്കരിച്ചു. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിഷ്കാരം.. നവജാത ശിശുക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈനായി ഐഡി പുതുക്കാനുള്ള സൗകര്യം തുടങ്ങിയവ ഇനി ആപ്പില്‍ ലഭിക്കും.
ആഭ്യന്തര മന്ത്രാലയ സേവനങ്ങള്‍ പൂര‍്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ മെട്രാഷ് ടു വഴി നല‍്കുന്നത്. ലളിതമാക്കിയും കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയുമാണ് ആപ്ലിക്കേഷന്‍ പരിഷ്കരിച്ചിരിക്കുന്നത്. നവജാത ശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം തന്നെ റെസിഡൻറ് പെർമിറ്റ്, കമ്പനികൾക്ക് പി.ആർ.ഒമാരുടെ സഹായമില്ലാതെ ആർ.പി പുതുക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് മെട്രാഷിൻെറ നവീകരണം. ക്യൂ.ഐഡി, ലൈസൻസ് എന്നിവ സൂക്ഷിക്കാനുള്ള ഇ വാലറ്റിലൂടെ രേഖകൾ ഔദ്യോഗിക ആവശ്യത്തിനായി വാട്സാപ്പ്, ഇ-മെയിൽ, മെസേജ് വഴി പങ്കുവെക്കാനും കഴിയും.
കമ്പനികൾക്ക് ഖത്തർ നാഷനൽ ബാങ്കിൽ തുറക്കുന്ന അക്കൗണ്ട് മെട്രാഷ് ആപ്പ് വഴി ലിങ്ക് ചെയ്യാനുള്ള സംവിധാനവും സജ്ജമായി. റെസിഡൻറ് പെർമിറ്റ് കാലാവധി കഴിയുമ്പോള്‍ ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും, ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നൽകി പെർമിറ്റ് പുതുക്കാനും കഴിയും. പുതുക്കിയ ഐ.ഡി ഖത്തർ പോസ്റ്റ് വഴി ആവശ്യക്കാരന് ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഇ-സർവിസ് സെക്ഷൻ ഓഫിസർ ലഫ്റ്റനൻറ് അലി അഹമ്മദ് അൽ ഐദ്രോസ് പറഞ്ഞു.
പുതിയ പരിഷ്കരണം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കമ്പനി പ്രതിനിധികൾ, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവർക്കായി ഓൺലൈൻ വഴി സംഘടിപ്പിച്ച ബോധവൽകരണ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അലി അഹമ്മദ് അൽ ഐദ്രോസ്. 2020ൽ മെട്രാഷ് രണ്ട് വഴി 60 ലക്ഷത്തോളം ഇടപാടുകൾ നടന്നതായും, ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷത്തോളമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിലായി ലഭിക്കുന്ന സേവനം പ്രചാരം വർധിക്കാൻ ഇടയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.