ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം
|ഖത്തർ പവിഴപ്പുറ്റുകളാൽ ഏറ്റവും സമ്പന്നമായ ജി.സി.സി രാജ്യങ്ങളിലൊന്നാണ്
ദോഹ: ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. സമുദ്ര സംരക്ഷണ വകുപ്പുമായി സഹകരിച്ച് വന്യജീവി വികസന വകുപ്പിലെ ശാസ്ത്ര സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സമുദ്ര ആവാസവ്യവസ്ഥയുടേയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണത്തിന് സംഭാവന നൽകുന്ന പ്രാദേശിക പ്രത്യേകതകൾ കണ്ടെത്താനും വിലയിരുത്താനുമാണ് പഠനം നടത്തിയത്.
ഖത്തറിലെ സമുദ്ര ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും ആരോഗ്യകരമാണെന്നും ഇത് സമുദ്രത്തെ ജൈവവൈവിധ്യത്താൽ സമ്പന്നമാക്കി മാറ്റുമെന്നും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ആവാസ വ്യവസ്ഥയായ പവിഴപ്പുറ്റുകളുടെ സാന്നിധ്യം ആരോഗ്യകരമായ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വളരെ പ്രധാനമാണ്. പല മത്സ്യങ്ങളുടെയും ജലജീവികളുടെയും പ്രധാന ആവാസ കേന്ദ്രമാണ് പവിഴപ്പുറ്റുകൾ. ഖത്തർ പവിഴപ്പുറ്റുകളാൽ ഏറ്റവും സമ്പന്നമായ ജി.സി.സി രാജ്യങ്ങളിലൊന്നാണ്. ഗൾഫ് മേഖലയിലെ പവിഴപ്പുറ്റുകളിൽ 48 ശതമാനവും ഖത്തറിന്റെ സമുദ്ര പരിധിയിലാണ്. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് മന്ത്രാലയം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്.
അടുത്തിടെ നടത്തിയ പരിശോധനാ ക്യാമ്പയ്‌നിൽ നിയമം ലംഘിച്ച് പവിഴപ്പുറ്റുകളിൽ മത്സ്യബന്ധന വല എറിഞ്ഞതിന് രണ്ട് ബോട്ടുകൾ മന്ത്രാലയം പിടിച്ചെടുത്തിരുന്നു. 21 ഇനം സമുദ്രജീവികൾ ഖത്തറിന്റെ തീരത്ത് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഖത്തറിന്റെ സമുദ്ര പരിധിയിൽ സ്പിന്നിങ് ഡോൾഫിനുകളെ കണ്ടെത്തിയിരുന്നു. ഇവയുടെ സാന്നിധ്യം ആരോഗ്യകരമായ സമുദ്ര ആവാസ വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഖത്തറിലെ കടൽത്തീരങ്ങളിൽ കടലാമകളെ സംരക്ഷിക്കാനുള്ള പദ്ധതി 2002 മുതൽ നടപ്പിലാക്കിവരുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി നിരവധി പരിപാടികളും പദ്ധതികളും ഖത്തർ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.