ഖത്തറില്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍
|ഇന്ത്യന്‍, ഫിലിപ്പൈന്‍സ് സ്കൂളുകള്‍ക്കാണ് കാര്യമായ പരിഗണന നല്‍കിയതെന്ന് സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സിങ് വിഭാഗം അറിയിച്ചു
ഖത്തറില്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എണ്ണായിരത്തിലധികം കൂടുതല്‍ സീറ്റുകള്‍ ഇതുവഴി ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 16 സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഈ അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇതില്‍ മൂന്നെണ്ണം ഇന്ത്യന്‍ സ്കൂളുകളാണ്. ഒമ്പത് ബ്രിട്ടീഷ് സ്കൂളുകള്‍, രണ്ട് അമേരിക്കന്‍ സ്കൂളുകള്‍, മറ്റുള്ള രണ്ട് സ്കൂളുകള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. ഇതുവഴി 8,870 പുതിയ സീറ്റുകള്‍ സൃഷ്ടിക്കപ്പെടും. ഖത്തറിലെ സ്കൂള്‍ സീറ്റ് അപര്യാപ്തതക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ഇന്ത്യന്‍, ഫിലിപ്പൈന്‍സ് സ്കൂളുകള്‍ക്കാണ് മന്ത്രാലയം കാര്യമായ പരിഗണന നല്‍കിയതെന്ന് സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു. രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളെയും കിന്റര്ഗാര്ട്ടനുകളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉുള്ക്കൊള്ളുന്ന ഡാറ്റാബേസ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. സ്വകാര്യ വിദ്യഭ്യാസ മേഖലയ്ക്കായി മന്ത്രാലയം ആവിഷ്കരിച്ച ഇലക്ട്രോണിക് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. സ്കൂളിന്റെയോ കിന്റർഗാർട്ടന്റേയോ പേര്, അംഗീകൃത പാഠ്യപദ്ധതി, വാർഷിക ട്യൂഷൻ ഫീസ്, സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ഒഴിവുകൾ, സ്കൂൾ അക്രഡിറ്റേഷൻ തുടങ്ങി എല്ലാ വിശദാംശങ്ങളും വെബ്സൈറ്റ് വഴി അറിയാന്‍ കഴിയുമെന്നും ഹമദ് മുഹമ്മദ് അല്‍ ഗാലി അറിയിച്ചു