ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാനായി "കടലിലെ കൊട്ടാരം" എംഎസ്സി യൂറോപ്പ ദോഹ തീരത്തെത്തി
|22 നിലകളുള്ള ഭീമൻ ആഢംബര കപ്പലിൽ 6700 പേർക്കാണ് താമസ സൗകര്യമുള്ളത്
ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാനായി 'കടലിലെ കൊട്ടാരം' എംഎസ്സി യൂറോപ്പ ദോഹ തീരത്തെത്തി. 22 നിലകളുള്ള ഭീമൻ ആഢംബര കപ്പലിൽ 6700 പേർക്കാണ് താമസ സൗകര്യമുള്ളത്. കപ്പലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച നടക്കും.
ലോകഫുട്ബോളിലെ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിനെത്തുന്ന ആരാധകർക്ക് രാജകീയമായ താമസമാണ് എംഎസ്സി യൂറോപ്പ വാഗ്ദാനം ചെയ്യുന്നത്. ദോഹ കോർണിഷിലെ അംബരചുംബികളോട് ചേർന്ന് കടലിൽ 22 നിലയിൽ കൂറ്റനൊരു കൊട്ടാരം കണക്കെയാണ് കപ്പൽ നിലകൊള്ളുന്നത്. എംഎസ്സി യൂറോപ്പയാണ് ലോകകപ്പിന് ആദ്യമെത്തിയ ക്രൂസ് ഷിപ്പ്. കപ്പലിന്റെയും രൂപവും ഭംഗിയും ദോഹ നഗരത്തിന് ഏറെ യോജിച്ച തരത്തിലാണുള്ളത്.
ഫ്രാൻസിൽനിന്നാണ് കടലിലെ കൊട്ടാരം ഖത്തറിലേക്ക് യാത്ര തിരിച്ചത്. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ എന്ന പ്രത്യേകത കൂടിയുണ്ട് കപ്പലിന്. 333 മീറ്റർ നീളവും, 68 മീറ്റർ ഉയരവുമാണ് വലിപ്പം. ആറ് വിശാലമായ നീന്തൽ കുളങ്ങൾ, തെർമൽ ബാത്ത്, ബ്യൂട്ടി സലൂൺ, ജിം, റസ്റ്ററന്റ്
, സിനിമ വിനോദങ്ങൾ, വെൽനെസ് സെന്റർ, സ്പാ ഇങ്ങനെ പോകുന്നു കപ്പലിലെ സൗകര്യങ്ങൾ. കൂടുതൽ കപ്പലുകൾ വരും ദിവസങ്ങളിൽ ദോഹ തീരത്തെത്തും.