ലോകത്തിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് കാർപാർക്കിങ്; ഗിന്നസ് റെക്കോർഡുമായി മുശൈരിബ് ഡൗൺടൗൺ
|പതിനായിരത്തിലേറെ വാഹന പാർക്കിങ് സൗകര്യവുമായാണ് ഗിന്നസ് നേട്ടം.
ദോഹ: ലോകോത്തര അണ്ടർ ഗ്രൗണ്ട് പാർക്കിംഗിൽ ഖത്തറിലെ മുശൈരിബ് ഡൗൺടൗണിന് റെക്കോർഡ്. പതിനായിരത്തിലേറെ വാഹന പാർക്കിങ് സൗകര്യവുമായാണ് ഗിന്നസ് നേട്ടം. സുസ്ഥിര വികസന സംരംഭം എന്ന നിലയിൽ മിഡിലീസ്റ്റിലെ തന്നെ ശ്രദ്ധേയമായ ഇടങ്ങളിലൊന്നാണ് മുശൈരിബ് ഡൗൺടൗൺ. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ ഗ്രൗണ്ട് കാർപാർക്കിങ് സൗകര്യം എന്ന ഗിന്നസ് റെക്കോഡാണ് മുശൈരിബ് ഡൗൺടൗൺ നേടിയിരിക്കുന്നത്.
പതിനായിരത്തിലേറെ കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മുശൈരിബ് ഡൗൺടൗണിന് നഗര വികസന മാതൃകയിൽ പുതുനേട്ടം സമ്മാനിച്ചത്. ആറു നിലകളിലായാണ് പതിനായിരത്തിലേറെ വാഹനങ്ങൾക്ക് പാർക്കു ചെയ്യാനുള്ള സൗകര്യമുള്ളത്. വാഹന ഡ്രൈവർമാർക്ക് ലഭ്യമായ പാർക്കിങ് ഒഴിവിലേക്ക് വഴികാണിക്കുന്ന ആധുനിക സൗകര്യങ്ങളും, തിരികെയെത്തുമ്പോൾ അനായാസം വാഹനം കണ്ടെത്താനുള്ള സൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ട്. ഖത്തറിന്റെ ആസൂത്രിത അത്യാധുനിക നഗരമായ മുശൈരിബ് ഡൗൺടൗൺ നിർമാണം കൊണ്ട് ശ്രദ്ധേയമാണ്. ബഹുനില കെട്ടിടങ്ങളുടെ താഴ്ഭാഗത്തായി വിശാല പാർക്കിങ്, വലിയ ജനസാന്ദ്രതയിലും തിരക്ക് അനുഭവപ്പെടാത്ത നിരത്തുകൾ, കാൽനടക്കാർക്കുള്ള നടപ്പാത സൗകര്യങ്ങൾ, മെട്രോയും ട്രാമും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം ഡൗൺ ടൗണിനെ ആകർഷകമാക്കുന്നു.