ഉരുൾപൊട്ടൽ ദുരിതം വിതച്ച ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളുമായി നടുമുറ്റം ഖത്തർ ഓണക്കള മത്സരം
|'മാനവീയ കേരളം വയനാടിനൊപ്പം' എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്
ദോഹ: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാട് ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളുമായി നടുമുറ്റം ഖത്തർ ഓണക്കള മത്സരം. മാനവീയ കേരളം വയനാടിനൊപ്പം എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കേരളം വിറങ്ങലിച്ചുപോയ രാത്രിയിലെ കാഴ്ചകളും ഓർമകളും പ്രവാസ ലോകത്ത് പുനരാവിഷ്‌കരിക്കുകയായിരുന്നു നടുമുറ്റം ഓണക്കളം.
കൂരിരുട്ടിൽ ജീവനും കൊണ്ടോടിയെത്തിയവർക്ക് കാവൽ നിന്ന കൊമ്പനും പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ച് കരുതലിന്റെ അടയാളമായി മാറിയ സൈനികനുമെല്ലാം കളങ്ങളിൽ നിറഞ്ഞു. പൂക്കളോടൊപ്പം പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയായിരുന്നു മത്സരം. എം.എ.എം.ഒ അലുംനി ഒന്നാംസ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി.
ഓണാഘോഷത്തിനായി ലഭിച്ച സ്‌പോൺസർഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സയൻസ് എജ്യുക്കേഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ പ്രസീത് വടക്കേടത്ത്, ഗ്രാന്റ്മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ ചന്ദ്രമോഹൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനം കൈമാറി. നടുമുറ്റം പ്രസിഡന്റ് സന നസീം, വൈസ് പ്രസിഡന്റ്മാരായ ലത കൃഷ്ണ, റുബീന മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, തുടങ്ങിയവർ നേതൃത്വം നൽകി.