പാവപ്പെട്ട രോഗികൾക്ക് ശസ്ത്രക്രിയാ സഹായ പദ്ധതിയുമായി നസീം ഹെൽത്ത് കെയർ
|പാവപ്പെട്ട രോഗികൾക്ക് ശസ്ത്രക്രിയാ സഹായ പദ്ധതി വാഗ്ദാനം ചെയ്ത് നസീം ഹെൽത്ത് കെയർ. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു മില്യൺ ഖത്തർ റിയാലിന്റെ ചികിത്സാ സഹായമാണ് നസീം നൽകുന്നത്.
ചികിത്സക്കെത്തുന്നവർ അവരുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയാൽ നസീം സർജിക്കൽ സെന്ററിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. എംബസികൾ, സോഷ്യൽ, കമ്മ്യൂണിറ്റി, ചാരിറ്റബിൾ അസോസിയേഷനുകൾ, മീഡിയാ ഹൗസുകൾ എന്നിവർ ശുപാർശ ചെയ്യുന്നവർക്കും സഹായം ലഭിക്കും.
രോഗി ഖത്തറിൽ താമസ രേഖയുള്ള ആളായിരിക്കണം എന്ന നിബന്ധനയുണ്ട്. എല്ലാവർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നസീം ഹെൽത്ത് കെയറിന്റെ സമർപ്പണമാണ് ഈ സംരംഭമെന്ന് ' നസീം ഹെൽത്ത് കെയർ മാനേജിങ് ഡയരക്ടറും 33 ഹോൾഡിങ്സിന്റെ സി.എം.ഡിയുമായ മുഹമ്മദ് മിയാൻദാദ് വി.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രോഗിയുടെ തൊഴിലോ ശമ്പളമോ സഹായം നൽകുന്നതിന് മാനദണ്ഡമല്ല. ഈയിടെ ആരംഭിച്ച സർജിക്കൽ സെന്ററിൽ നൂറിലേറെ തരം ശസ്ത്രക്രിയകൾ നടത്തുന്നതിന് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. നസീം സർജിക്കൽ സെന്റർ ജനറൽ സർജൻ ഡോ. മുദ്ദസർ റഹാനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.