Qatar
സുധാകരന്‍ പ്രഖ്യാപിച്ച കമ്മിറ്റിയെ തള്ളി ഖത്തര്‍ ഇന്‍കാസില്‍ പുതിയ തെരഞ്ഞെടുപ്പ്
Qatar

സുധാകരന്‍ പ്രഖ്യാപിച്ച കമ്മിറ്റിയെ തള്ളി ഖത്തര്‍ ഇന്‍കാസില്‍ പുതിയ തെരഞ്ഞെടുപ്പ്

ijas
|
29 May 2022 5:57 PM GMT

വനിതാ അംഗങ്ങള്‍ കമ്മിറ്റിയില്‍ വേണമെന്ന നിബന്ധന ലംഘിക്കപ്പെട്ടു, പ്രസിഡന്‍റിന്‍റെ രണ്ട് ടേം കാലാവധി കഴിഞ്ഞു തുടങ്ങിയ ഏഴ് കാരണങ്ങളാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഐ.സി.സി നിരത്തുന്നത്

ദോഹ: കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് എംബസി അപക്സ് സംഘടനയായ ഐ.സി.സി. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രഖ്യാപിച്ച കമ്മിറ്റിയെ തള്ളിയാണ് ഐ.സി.സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഇന്ത്യന്‍ അംബാസഡറുടെ അംഗീകാരത്തോടെയാണ് ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജൻ ഒപ്പിട്ട തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങളായി ഇന്‍കാസില്‍ തുടരുന്ന ചേരിപ്പോരിന്‍റെ ബാക്കിപത്രമാണ് പുതിയ സംഭവവികാസങ്ങള്‍.

സമീര്‍ ഏറാമല അധ്യക്ഷനായി കെ.സുധാകരന്‍ പ്രഖ്യാപിച്ച കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ ഐ.സി.സി അംഗീകരിക്കുകയായിരുന്നു. എതിര്‍ വിഭാഗത്തില്‍ നിന്നുള്ള ഏഴ് പേരെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അസ്വാരസ്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ ചുമതല ഏറ്റെടുക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിന് പുറമെയാണ് ഐ.സി.സിക്ക് പരാതി നല്‍കിയത്. വനിതാ അംഗങ്ങള്‍ കമ്മിറ്റിയില്‍ വേണമെന്ന നിബന്ധന ലംഘിക്കപ്പെട്ടു, പ്രസിഡന്‍റിന്‍റെ രണ്ട് ടേം കാലാവധി കഴിഞ്ഞു തുടങ്ങിയ ഏഴ് കാരണങ്ങളാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഐ.സി.സി നിരത്തുന്നത്. 2020 ഡിസംബര്‍ 31 വരെയുള്ള വോട്ടര്‍പട്ടിക അനുസരിച്ച് ജൂണ്‍ 23 നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഫലവും പ്രഖ്യാപിക്കും. നാളെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.ജൂണ്‍ 11ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.

New election in Qatar Incas rejects committee announced by Sudhakaran

Similar Posts