സൈബര്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ
|ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്
ദോഹ: സൈബറിടം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ. ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്.ഐക്യരാഷ്ട്രസഭക്കു കീഴിലെ ഇന്റർനാഷണൽ ടെലികമ്യുണികേഷൻ യൂണിയൻ ഗ്ലോബൽ സൈബർ സുരക്ഷാ ഇൻഡക്സിൽ ഖത്തറിനെ മാതൃകാ രാജ്യങ്ങളുടെ പട്ടികയിൽ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. വർധിച്ചുവരുന്ന സൈബർ വെല്ലുവിളികളെ നേരിടുന്നതിനുള്ള റോഡ്മാപ്പായിരിക്കും രണ്ടാം ദേശീയ സൈബർ സുരക്ഷാ നയം . പ്രാദേശിക, മേഖലാ, അന്തർദേശീയ തലത്തിലെ സഹകരണത്തിലൂടെ ശക്തമായ അടിത്തറ കെട്ടിപ്പടുത്ത് ഭാവിവെല്ലുവിളികളെ നേരിടും.
പങ്കാളിത്ത ഉത്തരവാദിത്വം, അപകടസാധ്യത, വ്യക്തിഗത മനുഷ്യാവകാശങ്ങൾ, സാമ്പത്തിക മികവ്, ഏകോപനം, സഹകരണം തുടങ്ങിയവ അടിസ്ഥാന ഘടകങ്ങളാകും. എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതമായ സൈബർ ഇടം ഒരുക്കുകയാണ് ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ ലക്ഷ്യം. ഇതുവഴി, ദേശീയ വികസനവും, അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സൈബർ സുരക്ഷിത രാജ്യമെന്ന നേട്ടവും ഖത്തർ നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കി