ഇത്തവണ ചൂടും തണുപ്പുമറിഞ്ഞ് മത്സരങ്ങള്‍ കാണാം; ലോകകപ്പ് സ്റ്റേഡിയങ്ങളിലെ കാലാവസ്ഥയറിയാൻ പ്രത്യേക വെബ്സൈറ്റ്
|വെബ്സൈറ്റ് വഴി എട്ട് വേദികളിലേയും താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ഈര്‍പ്പം എന്നിവയെല്ലാം അറിയാന്‍ കഴിയും
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്കായി കാലാവസ്ഥാ വെബ്സൈറ്റു ഒരുങ്ങി. മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലെയും കാലാവസ്ഥ പ്രത്യേകം രൂപകല്പന ചെയ്ത ആപ്ലിക്കേഷന്‍ വഴി അറിയാനാകും. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് കാലാവസ്ഥാ വെബ്സൈറ്റ് പുറത്തിറക്കിയത്.
ഫിഫ വെതര്‍ 22.കോം എന്ന വെബ്സൈറ്റ് വഴി എട്ട് വേദികളിലേയും താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ഈര്‍പ്പം എന്നിവയെല്ലാം അറിയാന്‍ കഴിയും. സ്റ്റേഡിയങ്ങളിലെ ഇപ്പോഴത്തെ താപനിലയും ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥയും വെബ്സൈറ്റ് അടയാളപ്പെടുത്തുന്നുണ്ട്.
ഈ വിവരങ്ങള്‍ ഫിഫ 2022 വെതര്‍ കണ്ടീഷന്‍സ് എന്ന പേരില്‍ ക്യു വെതര്‍ ആപ്ലിക്കേഷനിലും ലഭ്യമാക്കിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുമ്പോള്‍ പലരും കാലാവസ്ഥയെ കുറിച്ചായിരുന്നു ആശങ്കയുയര്‍ത്തിയത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒറ്റയടിക്ക് വിരല്‍തുമ്പില്‍ ലഭിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.