പഴയ ബസുകൾക്കും ടാക്സികൾക്കും അബൂസംറ അതിർത്തി കടക്കാനാവില്ല; നിയന്ത്രണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
|സ്വകാര്യ വാഹനങ്ങള്‍ക്ക് നിര്‍ദേശം ബാധകമല്ല
ദോഹ: ഖത്തർ-സൗദി അതിർത്തിയായ അബു സംറ വഴി കടന്ന് പോകുന്ന ടാക്സി, ബസ്, ട്രക്ക് വാഹനങ്ങൾക്ക് യാത്ര നിയന്ത്രണവുമായി ആഭ്യന്തര മന്ത്രാലയം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങളെ അബു സംറ അതിർത്തി വഴി കടത്തിവിടില്ല. കരമാർഗം ഖത്തറിലേക്കുള്ള ഏക കവാടമാണ് അബൂസംറ അതിർത്തി. ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങൾക്കുള്ള നിർദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
യാത്രക്കാരുമായി പോകുന്ന ടാക്സികൾ, ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്ക് എന്നിവയ്ക്ക് അതിർത്തി കടക്കണമെങ്കിൽ അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. പത്ത് വർഷം കാലപ്പഴക്കമുള്ള ബസുകൾക്കും അതിർത്തി കടക്കാനാവില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഖത്തർ - സൗദി അതിർത്തി കടക്കുന്നത്. സൗദി, ബഹ്റൈൻ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഖത്തറിൽ നിന്നും പ്രധാനമായും കരമാർഗം യാത്ര ചെയ്യുന്നത്.