ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന് ക്ലാസുകള്‍ തുടരും
|50 ശതമാനം ഹാജര്‍ നിലയോടെയാണ് നേരിട്ടെത്തിയുള്ള അധ്യയനം നടത്തേണ്ടത്. ബാക്കി 50 ശതമാനം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണം
ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലുമുള്ള പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50 ശതമാനം വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. ക്ലാസ്റൂം പഠനത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറില്‍ അവധി കഴിഞ്ഞ് ഈ മാസാവസാനം സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്. നേരിട്ടെത്തിയുള്ള പഠനവും ഓണ്‍ലൈന്‍ ക്ലാസുകളും സമന്വയിപ്പിച്ചുളള ബ്ലെന്‍ഡിങ് പഠനരീതി തന്നെ സ്കൂളുകളില്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്വകാര്യ സ്കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമൊക്കെ ഈ തീരുമാനം ബാധകമാണ്.
50 ശതമാനം ഹാജര്‍ നിലയോടെയാണ് നേരിട്ടെത്തിയുള്ള അധ്യയനം നടത്തേണ്ടത്. ബാക്കി 50 ശതമാനം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണം. ഒരു ക്ലാസില്‍ പരമാവധി 15 കുട്ടികളേ പാടുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒന്നാം ക്ലാസ് മുതലുള്ള മുഴുവന്‍ കുട്ടികളും മാസ്ക് ധരിക്കണം. സ്കൂള്‍ ബസുകളില്‍ പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം അനുവദിക്കാവൂ. അസുഖങ്ങളുള്ള കുട്ടികളാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കണം. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം.
ഇടവേളകളില്‍ ക്ലാസ് മുറികളില്‍നിന്നു പുറത്തുപോകാന്‍ പാടില്ല. ഭക്ഷണം ക്ലാസ്റൂമില്‍നിന്നു തന്നെ കഴിക്കണം. അസംബ്ലികള്‍, പഠനയാത്ര, ക്യാംപുകള്‍ തുടങ്ങി കൂടിച്ചേരലുകള്‍ക്ക് അനുമതിയില്ല. വാര്‍ഷിക സെമസ്റ്റര്‍ പരീക്ഷകള്‍ സ്കൂളുകളില്‍ നേരിട്ട് തന്നെ നടക്കും. മുഴുവന്‍ അധ്യാപക, അനധ്യാപക ജീവനക്കാരും വാക്സിനെടുത്തവരാകണം. അല്ലാത്തവര്‍ ആഴ്ച തോറുമുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണമെന്നും നിബന്ധനയുണ്ട്.