ഖത്തര്‍ ലോകകപ്പ്; ഇതുവരെ വിറ്റത് 1.2 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍
|30,000 ല്‍ താഴെ ഹോട്ടല്‍ മുറികളുള്ള ഖത്തറിലെ, 80% മുറികളും നിലവില്‍ ഫിഫയുടെ അതിഥികള്‍ക്കായി മാത്രം നീക്കിവച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു
ഖത്തര്‍ ലോകകപ്പിനായി വിരലിലെണ്ണാവുന്ന മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും ഏകദേശം പൂര്‍ത്തിയായപ്പോള്‍ ടൂര്‍ണമെന്റിനായി ഇതുവരെ 12 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പനയുടെ അവസാന ഘട്ടമായ റാന്‍ഡം സെലക്ഷന്‍ നറുക്കെടുപ്പ് ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയായിരുന്നു.
23.5 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് സംഘാടകര്‍ക്ക് ലഭിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതെന്ന് ഫിഫ അറിയിച്ചു.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 28 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 2 ദശലക്ഷം ടിക്കറ്റുകളാണ് ലഭ്യമാവുക. ഇനിയുള്ള ടിക്കറ്റുകളും അപേക്ഷകളുടെ മുന്‍ഗണനാക്രമത്തില്‍ തന്നെയാണ് ലഭിക്കുക. എങ്കിലും ടിക്കറ്റുകള്‍ വാങ്ങാനുള്ള അടുത്ത അവസരം എന്നാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം അവസാനിച്ചതിനാല്‍ ടൂര്‍ണമെന്റിനായി പൂര്‍ണ സജ്ജമായി കാത്തിരിക്കുകയാണ് രാജ്യം.
ഖത്തര്‍ ടൂറിസം വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 30,000 ല്‍ താഴെ ഹോട്ടല്‍ മുറികളുള്ള ഖത്തറിലെ, 80% മുറികളും നിലവില്‍ ഫിഫയുടെ അതിഥികള്‍ക്കായി മാത്രം നീക്കിവച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
എങ്കിലും, ദോഹ തുറമുഖത്ത് നങ്കൂരമിട്ട രണ്ട് ക്രൂയിസ് കപ്പലുകളിലായി 4,000 മുറികളും വില്ലകളിലും അപ്പാര്‍ട്ടുമെന്റുകളിലുമായി 65,000 മുറികളും ആരാധകര്‍ക്കായി ലഭ്യമാക്കും. ഹോട്ടല്‍ ഇതര താമസസൗകര്യങ്ങളും ഖത്തര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദോഹയുടെ പരിസരത്തെ മരുഭൂമിയില്‍ ഏകദേശം 1,000 അറബിക് ബിഡൂയിന്‍ ശൈലിയിലുള്ള ആഡംബര കൂടാരങ്ങള്‍ സ്ഥാപിക്കാനും സംഘാടകര്‍ ആലോചിക്കുന്നുണ്ട്.