ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ കവി ഹിബ അബു നദ കൊല്ലപ്പെട്ടു
|മരണം മുന്നില്‍ക്കണ്ട് ഹിബ കുറിച്ച വരികള്‍ അറബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കവി ഹിബ അബു നദ കൊല്ലപ്പെട്ടു. മരണം മുന്നില്‍ക്കണ്ട് ഹിബ കുറിച്ച വരികള്‍ അറബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ പിടഞ്ഞു വീഴുന്ന ഗസ്സയിലെ മനുഷ്യരെ നോക്കി ഹിബ ഇങ്ങനെ കുറിച്ചു;..
''ഞങ്ങളിപ്പോള്‍ ഏഴാനാകാശത്താണ്. അവിടെയൊരു പുതിയ നഗരം പണിയുകയാണ്. രോഗികളുടെ നിലവിളികളും രക്തം പുതഞ്ഞ ഉടുപ്പുമില്ലാത്ത ഡോക്ടര്‍മാര്‍. കുട്ടികളോട് ദേഷ്യപ്പെടാത്ത അധ്യാപകര്‍, ദുഖവും വേദനയുമില്ലാത്ത കുടുംബങ്ങള്‍.
സ്വര്‍ഗം കാമറയില്‍ പകര്‍ത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍. അനശ്വര പ്രണയത്തെ കുറിച്ച് പാടുന്ന കവികള്‍, എല്ലാവരും ഗാസയില്‍ നിന്നുള്ളവരാണ്.അവരെല്ലാവരും, സ്വര്‍ഗത്തില്‍ പുതിയൊരു ഗാസ രൂപം കൊണ്ടിരിക്കുന്നു. ഉപരോധങ്ങളില്ലാത്ത ഗാസ''
ഇന്നിപ്പോള്‍ സ്വര്‍ഗത്തിലെ ഗസ്സയിലിരുന്ന് അനശ്വര പ്രണയത്തെ കവിത രചിക്കുകയാകും ഹിബ അബൂ നദയെന്ന 32 വയസ് മാത്രം പ്രായമുള്ള യുവ കവയത്രി. ഇന്നലെ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിബ കൊല്ലപ്പെട്ടത്. ഓക്സിജന്‍ ഈസ് നോട്ട് ഫോര്‍ ദ ഡൈഡ് എന്ന നോവലിന് ഹിബയ്ക്ക് ഷാര്‍ജ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.