ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങ്; പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
|ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കാനാവില്ല.
ദോഹ: ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച പാർക്കിങ്ങ് ഇടങ്ങൾ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കാനാവില്ല. വാഹനത്തിന് ഭിന്നശേഷി പെർമിറ്റ് ഉണ്ടെങ്കിലും ഭിന്നശേഷിയുള്ള ആൾ വാഹനത്തിൽ ഇല്ലെങ്കിൽ പാർക്കിങ് അനുവദിക്കില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘനം രജിസ്റ്റർ ചെയ്യാനും പെർമിറ്റ് റദ്ദാക്കാനും ഗതാഗത വകുപ്പിന് അധികാരമുണ്ടായിരിക്കും. ഭിന്നശേഷി പെർമിറ്റ് വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുതിയ പെർമിറ്റ് ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്.പൊതു ഇടങ്ങൾ, പാർക്കുകൾ, മാളുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രത്യേക ഏരിയ തയ്യാറാക്കി നൽകുന്നത്. ഇവിടെ, മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിയമ ലംഘനവും കടുത്ത നടപടികൾക്ക് ഇട വരുത്തുന്നതുമാണ്. ഭിന്നശേഷിക്കാർക്ക് എല്ലാ ഇടങ്ങളിലും മികച്ച പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ മേളകളിൽ ഇവർക്കായി ഒരുക്കിയ സൗകര്യങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു.