'പ്രഥമ പരിഗണന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന്'; ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ
|ഇന്ത്യ- ഖത്തര്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനാകും എംബസിയുടെ പ്രഥമ പരിഗണനയെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഐഎഫ്എസ്. ഇന്ത്യ- ഖത്തര്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
"ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 50ാം വാർഷികത്തിലാണ് നമ്മൾ. വളരെ ദൃഢമായാണ് ഈ ബന്ധം പരിപാലിച്ച് പോരുന്നതും. എല്ലാ മേഖലകളിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ കരുത്താർജിക്കുകയാണ്. അത് അങ്ങനെ തന്നെ നിലനിർത്തുക എന്നതാണ് ഉത്തരവാദിത്തം. അത് കൂടുതൽ ദൃഢമാകാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യും". വിപുൽ പറഞ്ഞു.
ഡോക്ടര്‍ ദീപക് മിത്തലിന്റെ പിന്‍ഗാമിയായാണ് വിപുല്‍ ഐഎഫ്എസ് സ്ഥാനമേല്‍ക്കുന്നത്. 1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് സെക്ടര്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന വിപുല്‍ .2017മുതൽ 2020വരെ യു എ ഇ യിൽ കോൺസുല്‍ ജനറലായിരുന്നു.
ഈജിപ്ത്,ശ്രീലങ്ക, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയായി. നാളെ ഐസിസി ആസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വിപുല്‍ ആകും പതാക ഉയര്‍ത്തുക.