ആഗോള ജീവിത നിലവാര സൂചികയില്‍ ഖത്തറിന് മുന്നേറ്റം
|പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ പതിനേഴാം സ്ഥാനത്തെത്തി
ദോഹ: ജീവിത നിലവാര സൂചികയിൽ ഖത്തറിന് മുന്നേറ്റം. ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ പതിനേഴാം സ്ഥാനത്തെത്തി. ഏഷ്യയിൽ ഖത്തർ മൂന്നാം സ്ഥാനത്തുണ്ട്. വിവിധ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്. 182.9 പോയിന്റ് സ്വന്തമാക്കിയാണ് ഖത്തർ 17ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 169.77 പോയിന്റും പത്തൊമ്പതാം സ്ഥാനവുമാണ് ഉണ്ടായിരുന്നത്.
പർച്ചേസിങ് പവർ, മലിനീകരണം, താമസച്ചെലവ്, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യമേഖലയുടെ ഗുണനിലവാരം, കാലാവസ്ഥ, യാത്രാ സൗകര്യം തുടങ്ങിയവയായിരുന്നു പ്രധാന മാനദണ്ഡങ്ങൾ. ലക്‌സംബർഗാണ് പട്ടികയിൽ ഒന്നാമത്. നെതർലാൻറ്‌സ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏഷ്യയിൽ ഒമാനും ജപ്പാനുമാണ് ഖത്തറിന് മുന്നിലുള്ളത്. അതേ സമയം ബ്രിട്ടൺ ഫ്രാൻസ്, കാനഡ, ഇറ്റലി, അയർലൻഡ്. സ്‌പെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടിക പ്രകാരം ജീവിത നിലവാരത്തിൽ ഖത്തറിനേക്കാൾ പിന്നിലാണ്.