ഫലസ്തീന് സഹായമെത്തിക്കാൻ യു.എൻ ഏജൻസിക്ക് 25 മില്യൻ ഡോളർ അധികം പ്രഖ്യാപിച്ച് ഖത്തർ
|നേരത്തെ പ്രഖ്യാപിച്ച 18 മില്യൻ ഡോളറിന് പുറമെയാണ് 25 മില്യൻ കൂടി ഖത്തർ വാഗ്ദാനം ചെയ്തത്.
ദോഹ: ഫലസ്തീൻ ജനതക്ക് സഹാമെത്തിക്കുന്നതിനായി യു.എൻ ഏജൻസിക്ക് 25 മില്യൻ ഡോളർ അധിക സഹായം പ്രഖ്യാപിച്ച് ഖത്തർ. യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അൽത്താനിയാണ് സഹായം വാഗ്ദാനം ചെയ്തത്.
ഇസ്രായേലിന്റെ അധിക്ഷേപങ്ങളെ തുടർന്ന് 16 രാജ്യങ്ങൾ ഫലസ്തീനിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിക്കുള്ള ഫണ്ട് നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള ഫണ്ട് ഖത്തർ വർധിപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ച 18 മില്യൻ ഡോളറിന് പുറമെയാണ് 25 മില്യൻ കൂടി ഖത്തർ വാഗ്ദാനം ചെയ്തത്. അതേസമയം വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റ കേന്ദ്രം സ്ഥാപിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ അനുമതിക്കെതിരെ ഖത്തർ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 3500 പുതിയ പാർപ്പിടങ്ങൾ നിർമിക്കാനാണ് ഇസ്രായേൽ നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നത്. ജറുസലേം അടക്കമുള്ള കേന്ദ്രങ്ങളെ ജൂതവത്കരിച്ച് ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ഖത്തർ ആരോപിച്ചു.