ദേശീയദിനത്തില്‍ ഫലസ്തീന് കരുതലുമായി ഖത്തര്‍; സമാഹരിച്ചത് 450 കോടിയിലേറെ
|ഫലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കല്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി ഖത്തറിലെ ജനത കണ്ടു.
ദോഹ: ദേശീയദിനത്തില്‍ ഫലസ്തീൻ ജനതയ്ക്ക് കരുതലുമായി ഖത്തര്‍. ഫലസ്തീന്‍ ഡ്യൂട്ടി എന്ന പേരില്‍ നടത്തിയ ചാരിറ്റി ഡ്രൈവില്‍ 450 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. ഒരേ മനസുമായി ഗസ്സയിലെ പാവപ്പെട്ട മനുഷ്യര്‍ക്കായി കൈകോര്‍ത്ത് ഖത്തര്‍ ദേശീയദിനം ധന്യമാക്കി.
ഫലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കല്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി ഖത്തറിലെ ജനത കണ്ടു. 10 കോടി റിയാല്‍ അഥവാ 225 കോടിയിലേറെ രൂപ സംഭാവന നല്‍കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചാരിറ്റി ഡ്രൈവിനെ മുന്നില്‍ നിന്നു നയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ ഫണ്ട് സമാഹരണം രാത്രി 12ന് സമാപിക്കുമ്പോള്‍ 200 മില്യണ്‍ റിയാലിലേറെ തുക ലഭിച്ചിരുന്നു.
രാജ്യത്തിന്റെ നാനാദിക്കിൽ നിന്നായി സ്വദേശികളും താമസക്കാരും ദൗത്യത്തില്‍ പങ്കാളികളായി. ഖത്തർ ഇസ്‌ലാമിക് ബാങ്ക് 15 ലക്ഷം, ബർവ റിയൽ എസ്റ്റേറ്റ് 10 ലക്ഷം, ഉരീദു 10 ലക്ഷം തുടങ്ങി ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഫലസ്തീന്‍ ഡ്യൂട്ടില്‍ പങ്കെടുത്തു.
റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ നേതൃത്വത്തില്‍ ഖത്തർ ടി.വി, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ മീഡിയ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് ചാരിറ്റി ഡ്രൈവ് സംഘടിപ്പിച്ചത്.
ടി.വി ലൈവ് വഴിയും ഓൺലൈൻ വഴിയുമുള്ള ധനശേഖരണത്തിനു പുറമെ കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദർബ് അൽ സാഇ എന്നിവടങ്ങളിൽ സംഭാവന സ്വീകരിക്കാനുള്ള കലക്ഷൻ പോയന്റുളും സ്ഥാപിച്ചിരുന്നു.