ആഢംബര യാത്രയ്ക്ക് പുതിയ മുഖം: 'ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ' അവതരിപ്പിച്ച് ഖത്തർ എയർവേസ്
|ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിലാണ് പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിച്ചത്
ദോഹ: ആകാശത്തെ ആഢംബര യാത്രയ്ക്ക് പുതിയ മാനങ്ങൾ നൽകി ഖത്തർ എയർവേസ് ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ അവതരിപ്പിച്ചു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിലാണ് ക്യൂസ്യൂട്ട് അവതരിപ്പിച്ചത്.യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ എയർവേസ് പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിച്ചത്. ലക്ഷ്വറി റീ ഡിഫൈൻഡ് എന്ന ടാഗ് ലൈനോടെയെത്തുന്ന ക്യുസ്യൂട്ട് നെക്സ്റ്റ് ജെനറേഷൻ വ്യോമ ഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റൽ കാബിൻ ക്രൂ സമയോടൊപ്പമാണ് പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിച്ചത്.
കസ്റ്റമൈസ്ഡ് ക്വാഡ് സ്യൂട്ട്‌സ്, 4K എൽഇഡി മൂവബിൾ സ്‌ക്രീൻ, വിശാലമായ ഇരിപ്പിടം, ബെഡാക്കി മാറ്റാൻ സാധിക്കുന്ന സീറ്റുകൾ എന്നിവ ക്യൂ സ്യൂട്ട് നെക്സ്റ്റ് ജെനറേഷന്റെ പ്രത്യേകതകളാണ്. ബോയിങ് ബി 777 -9 വിമാനങ്ങളിലാണ് ക്യൂ സ്യൂട്ട് ആദ്യം ലഭ്യമാകുക. മികച്ച ബിസിനസ് ക്ലാസിനുള്ള നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടയിട്ടുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ലോകത്തെ പ്രധാന എയർഷോകളിലൊന്നായ ഫാൻബറോ എയർഷോ 26 വരെ തുടരും