യുവേഫയുമായുള്ള കരാർ പുതുക്കി ഖത്തർ എയർവേസ്
|ലോകമെമ്പാടും വൈവിധ്യമാർന്ന കായിക മേഖലകളിൽ ഖത്തർ എയർവേസിന് സ്‌പോൺസർഷിപ്പുണ്ട്
ദോഹ: യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനുമായുള്ള കരാർ പുതുക്കി ഖത്തർ എയർവേസ്. യുവേഫയുടെ എല്ലാ പുരുഷ ദേശീയ ടീം മത്സരങ്ങളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവേസ് തുടരും. കായിക മേഖലക്ക് മികച്ച പിന്തുണ നൽകുന്ന ഖത്തർ എയർവേസ് യുവേഫയുടെ എല്ലാ പുരുഷ ദേശീയ ടീം മത്സരങ്ങളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരുന്ന കരാറിൽ ഒപ്പുവെച്ചു.
ജർമനിയിൽ വെള്ളിയാഴ്ച ആരംഭിച്ച യൂറോ കപ്പിലെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഖത്തർ എയർവേസ്. 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുള്ള കമ്പനി ജർമനിയിലെ ഹാംബർഗിലേക്ക് കൂടി ജൂലൈ ഒന്നുമുതൽ സർവിസ് ആരംഭിക്കും.
ഫോർമുല വൺ, ഫിഫ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, പാരീസ് സെന്റ് ജെറമൈൻ (പി.എസ്.ജി), ഇന്റർമിലാൻ, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്, കോൺകാഫ്, എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് എന്നിവയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികൂടിയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി. ലോകമെമ്പാടും വൈവിധ്യമാർന്ന കായിക മേഖലകളിൽ ഖത്തർ എയർവേസിന് സ്‌പോൺസർഷിപ്പുണ്ട്.