20 ബോയിങ് 777-9 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ്
|ബ്രിട്ടനിൽ നടക്കുന്ന ഫാൻബറോ എയർഷോയിൽ വെച്ചാണ് പുതിയ 20 വിമാനങ്ങൾ കൂടി വാങ്ങുന്ന കാര്യത്തിൽ ഖത്തർ എയർവേസ് ധാരണയിലെത്തിയത്
ദോഹ: പുതിയ വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ്. 20 ബോയിങ് 777-9 വിമാനങ്ങൾ വാങ്ങാനാണ് അമേരിക്കൻ വിമാനക്കമ്പനിയുമായി ധാരണയിലെത്തിയത്. ബ്രിട്ടനിൽ നടക്കുന്ന ഫാൻബറോ എയർഷോയിൽ വെച്ചാണ് പുതിയ 20 വിമാനങ്ങൾ കൂടി വാങ്ങുന്ന കാര്യത്തിൽ ഖത്തർ എയർവേസ് ധാരണയിലെത്തിയത്.
ബോയിങ് 777X കുടുംബത്തിൽ നിന്നുള്ള 777-9 വിമാനങ്ങളാണ് ഖത്തർ വിമാനക്കമ്പനി വാങ്ങുന്നത്. 426 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളാണിത്. 13492 കിലോമീറ്റർ പറക്കാനുള്ള ശേഷിയുമുണ്ട്. നേരത്തെ ബുക്ക് ചെയ്ത 40 777- 9 വിമാനങ്ങളടക്കം 777X ശ്രേണിയിലുള്ള 94 യാത്രാ, കാർഗോ വിമാനങ്ങളാണ് പുതിയ കരാറോടെ ഖത്തർ എയർവേസ് നിരയിലുണ്ടാവുക.
ഏതാണ്ട് നാല് ബില്യൺ ഡോളറാണ് പുതിയ കരാർ തുകയെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദീർഘ ദൂര സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ 170 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തർ എയർവേസ് പറക്കുന്നുണ്ട്. ഫാൻബറോയിൽ ആദ്യദിനം പുതിയ ബിസിനസ് ക്ലാസായ ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ പുറത്തിറക്കി കമ്പനി കയ്യടി നേടിയിരുന്നു. ബോയിങ് 777-9 വിമാനത്തിലാകും ഈ സൗകര്യം ആദ്യം ലഭ്യമാകുക.