വരാനിരിക്കുന്നത് 245 വിമാനങ്ങൾ, ചെലവ് 5.40 ലക്ഷം കോടി; ആകാശത്ത് കരുത്തുറപ്പിക്കാൻ ഖത്തർ എയർവേസ്
|230 ഓളം വിമാനങ്ങൾ കമ്പനിയുടേതായി ഇപ്പോൾ പറക്കുന്നുണ്ട്
ദോഹ: വ്യോമയാന മേഖലയിൽ കരുത്തുറപ്പിക്കാൻ ഖത്തർ എയർവേസ്. നിലവിൽ 245 ലേറെ വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയിരിക്കുകയാണ് കമ്പനി. വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്.
യാത്രാരംഗത്തും കാർഗോ നീക്കത്തിലും വ്യോമയാന മേഖലയിലെ പ്രമുഖരാണ് ഖത്തർ എയർവേസ്. 230 ഓളം വിമാനങ്ങൾ കമ്പനിയുടേതായി ഇപ്പോൾ പറക്കുന്നുണ്ട്. ആ കൂട്ടത്തിലേക്കാണ് 245 ലേറെ വിമാനങ്ങൾ കൂടിയെത്തുന്നത്. എയർബസും ബോയിങ്ങും അടക്കമുള്ള കമ്പനികളിൽ നിന്ന് ഏതാണ്ട് 5.40 ലക്ഷം കോടി ചെലവിട്ടാണ് വിമാനം വാങ്ങുന്നത്. 210 യാത്രാ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളുമാണ് ഓർഡറിലുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഖത്തർ എയർവേസ് 25 ബോയിംഗ് 737-10 വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് കമ്പനിയുമായി അന്തിമ കരാറിലെത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഏഴ് പുതിയ വിമാനങ്ങളാണ് ഖത്തർ എയർവേസ് നിരയിലെത്തിയത്. നാല് ബോയിംഗ് 787-9 ഡ്രീംലൈനറും മൂന്ന് ഖത്തർ എക്സിക്യൂട്ടിവ് ഗൾഫ്സ്ട്രീം ജി 650 ഇ.ആറും ഇതിലുൾപ്പെടും. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ഡെസ്റ്റിനേഷനുകളുടെ എണ്ണവും കൂട്ടാനൊരുങ്ങുകയാണ് കമ്പനി.