ഗസ്സയ്ക്ക് കൂടുതൽ സഹായവുമായി ഖത്തറും തുർക്കിയും
|മരുന്നും ഭക്ഷ്യ വസ്തുക്കളുമടക്കം 1900 ലധികം ടൺ മാനുഷിക സഹായവുമായി കപ്പൽ ഈജിപ്തിലേക്ക് യാത്ര തിരിച്ചു
ദോഹ: ഇസ്രായേൽ വംശഹത്യ തുടരുന്നതിനിടെ ഗസ്സയ്ക്ക് കൂടുതൽ സഹായവുമായി ഖത്തറും തുർക്കിയും. 1900 ലധികം ടൺ മാനുഷിക സഹായവുമായി കപ്പൽ ഈജിപ്തിലേക്ക് യാത്ര തിരിച്ചു. തുർക്കിയിലെ മെർസിൻ അന്താരാഷ്ട്ര തുറമുഖത്ത് നിന്നും ഈജിപ്തിലെ അൽ അരീഷിലേക്കാണ് 'ഗസ്സ ഗുഡ്നെസ്സ് കപ്പൽ' ചരക്ക് എത്തിക്കുക. മരുന്നും ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമാണ് കപ്പലിലുള്ളത്.
ഖത്തർ ഡെവലപ്മെന്റ് ഫണ്ടിന്റെ 1358 ടൺ സഹായവും തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് പ്രസിഡൻസിയുടെ 550 ടൺ സഹായ സാമഗ്രികളും കപ്പലിലുണ്ട്. മെർസിൻ തുറമുഖത്ത് നിന്നും കപ്പൽ പുറപ്പെടുന്ന ചടങ്ങിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പങ്കെടുത്തു.
ഖത്തറും തുർക്കിയും തമ്മിലെ സൗഹൃദത്തിന്റെ അടയാളം കൂടിയായാണ് ഈ സഹായമെന്നും മാനുഷിക സഹായം തുടരുമെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു. റഫ അതിർത്തിക്ക് നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണ നീക്കം സഹായവിതരണം തടസ്സപ്പെടുത്തിയതായ് മന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കടുത്ത പോഷകാഹാരക്കുറവും നിർജലീകരണവും മൂലം 31 കുട്ടികൾ ഗസ്സയിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.