ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഖത്തർ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍
|2004ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ കപ്പിലെ ആരാധകരുടെ റെക്കോര്‍ഡാണ് മറികടന്നത്
ദോഹ: ആരാധകരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍. ഇതിനോടകം പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ ആരാധകരാണ് ഗാലറിയിലെത്തിയത്.
2004ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ കപ്പിലെ ആരാധകരുടെ റെക്കോര്‍ഡാണ് ഖത്തര്‍ ഇതിനോടകം തന്നെ മറികടന്നത്. ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ ആവേശത്തോടെയാണ് ആരാധകരെത്തുന്നത്.
10,68587 ആരാധകരാണ് ഗാലറിയിലെത്തിയത്. 10,40000 പേര്‍ കളി കണ്ട ചൈന ഏഷ്യന്‍ കപ്പിനെയാണ് മറികടന്നത്. 11 മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെയാണ് ഖത്തറിലെ ഫുട്ബോള്‍ ആരാധകര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
ഏഷ്യന്‍ കപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ആരാധക സാന്നിധ്യവും റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നു. 82,490 ആരാധകരാണ് ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയത്.
സോഷ്യല്‍ മീഡിയ കാഴ്ചകളിലും ഇത്തവണത്തെ ഏഷ്യന്‍ കപ്പ് ട്രെന്‍ഡിങ്ങാണ്. 150 കോടി ഡിജിറ്റല്‍ എന്‍ഗേജ്മെന്റാണ് ഏഷ്യന്‍ കപ്പിന് ഇതുവരെയുണ്ടായത്.