ഖത്തർ- ബഹ്റൈൻ വ്യോമ ഗതാഗതം: വിമാന ബുക്കിങ് തുടങ്ങി
|വിമാന സർവീസ് പ്രാബല്ല്യത്തിൽ വരുന്ന വ്യാഴാഴ്ച മുതൽ തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ പറന്നു തുടങ്ങും
നീണ്ട ഇടവേളക്കു ശേഷം ഖത്തറും ബഹ്റൈനും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെ വിമാന ബുക്കിങ് ആരംഭിച്ച് ഖത്തർ എയർവേസ്. ദോഹയിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രാബല്ല്യത്തിൽ വരുന്ന വ്യാഴാഴ്ച മുതൽ തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ പറന്നു തുടങ്ങും. 2017ലെ ഗൾഫ് ഉപരോധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നിലച്ചിരുന്നു. ഇതോടെ യാത്രാ മാർഗങ്ങളും അവസാനിച്ചു. കഴിഞ്ഞ മാസം നടന്ന ജി.സി.സി ഫോളോഅപ്പ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടർച്ചയാണ് വിമാന സർവീസ്.
ദോഹയിൽ നിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 50 മിനിറ്റാണ് യാത്രാ ദൈർഘ്യം. ദിവസവും രാത്രി എട്ടിന് ദോഹയിൽ നിന്നും പുറപ്പെടുന്ന ഖത്തർ എയർവേസ് എയർ ബസ് വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. എകണോമി ക്ലാസിന് 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനിൽ നിന്നും രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിലെത്തും.
ബഹ്റൈൻ ദേശീയ എയർലൈൻസായ ഗൾഫ് എയറും ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള സർവീസിന് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് 11.15ന് പുറപ്പെടുന്ന വിമാനം 12 മണിയോടെ ബഹ്റൈനിലെത്തും. ബഹ്റൈനിൽ നിന്ന് രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് ദോഹയിലെത്തുന്നത്.
Qatar-Bahrain air transport: Flight booking has started