ബൂസ്റ്റർ ഡോസ് വാക്സിന്റെ കാലാവധി ഒരുവർഷമായി ദീർഘിപ്പിക്കാൻ ഖത്തർ
|കോവിഡ് രോഗ മുക്തി നേടിയവരുടെ പ്രതിരോധ ശേഷിയുടെ കാലാവധിയും ഒരു വർഷമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു
ബൂസ്റ്റർ ഡോസ് വാക്സിന്റെ കാലാവധി ഒരുവർഷമായി ദീർഘിപ്പിക്കാൻ ഖത്തർ പൊതജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.കോവിഡ് രോഗ മുക്തി നേടിയവരുടെ പ്രതിരോധ ശേഷിയുടെ കാലാവധിയും ഒരു വർഷമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെയും, കോവിഡ് രോഗമുക്തരുടെയും രോഗ പ്രതിരോധ ശേഷി ഒമ്പതിൽ നിന്നും 12 മാസമായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സംബന്ധിച്ച് നിരന്തരമായി പഠനങ്ങളും പുതിയ ഗവേഷണങ്ങളും തുടരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങളെന്നും അധികൃതർ വിശദീകരിച്ചു.
രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ആറു മാസം കഴിയുന്നതോടെ രോഗ പ്രതിരോധ ശേഷി കുറഞ്ഞു തുടങ്ങുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് ആറു മാസം കഴിയുന്നതോടെ ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരായി മാറും. 12 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരാണെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 125 പേർക്കാണ് കോവിഡ് ബാധിച്ചത്.ഇതിൽ 116 പേർ സന്പർക്ക രോഗികളും 9 പേർ യാത്രക്കാരുമാണ്.