ബോർഡിങ് ഗേറ്റിൽ ജീവനക്കാരൻ തടഞ്ഞതോടെ യാത്ര മുടങ്ങി; യാത്രക്കാരിക്ക് നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി
|ദോഹയിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയ യുവതിയെ ബോർഡിങ് ഗേറ്റിലെത്തിയപ്പോൾ എയർലൈൻ ജീവനക്കാരൻ തടയുകയായിരുന്നു
ദോഹ: വിമാനകമ്പനി ജീവനക്കാരന്റെ ഇടപെടലിനെ തുടർന്ന് യാത്ര മുടങ്ങിയ സംഭവത്തിൽ എയർലൈൻ കമ്പനിക്കെതിരെ 20,000 റിയാൽ നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി. ദോഹയിൽ നിന്നും യാത്രചെയ്യാനെത്തിയ വനിതയുടെ പരാതിയിലാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് ആന്റ് ട്രേഡ് കോർട്ട് നഷ്ടപരിഹാരം വിധിച്ചത്.
ഖത്തറിലെ അറബ് മാധ്യമമായ അശ്ശർഖാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യാത്ര തടസ്സപ്പെട്ടതിലെ മാനഹാനിയും സാമ്പത്തിക നഷ്ടവും ചൂണ്ടികാണിച്ച് അഞ്ച് ലക്ഷം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ദോഹയിൽ നിന്നും മറ്റൊരു അറബ് രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയ യുവതി ചെക്ക്-ഇൻ സെക്യുരിറ്റി നടപടികൾ പൂർത്തിയാക്കി.
എന്നാൽ ബോർഡിങ് ഗേറ്റിലെത്തിയപ്പോൾ എയർലൈൻ ജീവനക്കാരൻ ഇവരെ തടയുകയായിരുന്നു. വിമാനം പുറപ്പെടാൻ മതിയായ സമയമുണ്ടായിട്ടും കാരണങ്ങൾ വിശദീകരിക്കാതെ തടഞ്ഞു. വിമാനത്തിൽ കയറാനും അനുവദിച്ചില്ല. യാത്ര നിഷേധിക്കുകയും, അപമര്യാദയോടെ പെരുമാറുകയും ചെയ്തതോടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കുഴഞ്ഞു വീഴുകയും ചെയ്തതോടെ മെഡിക്കൽ പരിശോധനയും ചികിത്സയും ആവശ്യമായി വന്നു. അപ്പോഴേക്കും വിമാനം പുറപ്പെട്ടതിനാൽ യാത്ര പൂർണമായും മുടങ്ങുകയായിരുന്നു. ഇത് വിവിധ നഷ്ടങ്ങൾ വരുത്തിയെന്ന് ചൂണ്ടികാണിച്ചായിരുന്നു പരാതി. എന്നാൽ ഏത് എയർലൈൻസിനെതിരെയാണ് വിധിയെന്ന് വ്യക്തമാക്കിയിട്ടില്ല.