എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് പുരസ്‌കാര വേദിയിൽ മികച്ച നേട്ടവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ
|കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ ഏഴ് പുരസ്‌കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്
ദോഹ: എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് പുരസ്‌കാര വേദിയിൽ മികച്ച നേട്ടവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ. കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ ഏഴ് പുരസ്‌കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്. എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ഓഫ് ദി ഇയർ, എയർപോർട്ട് ലോഞ്ച് ഓഫ് ദി ഇയർ ഇന്റർനാഷനൽ, എയർപോർട്ട് എഫ് & ബി ഓപണിങ് ഓഫ് ദി ഇയർ, തുടങ്ങി ഏഴ് പുരസ്‌കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്.
ഖത്തരി പൈതൃകവുമായി പുതുതായി തുടങ്ങിയ സൂഖ് അൽ മതാറാണ് ഓപ്പണിങ് ഓഫ് ദ ഇയർ പുരസ്‌കാരം ഖത്തറിലെത്തിച്ചത്. നിക്ഷേപം, നവീകരണം, ഗുണനിലവാരം ഉറപ്പുവരുത്തൽ എന്നിവയിൽ ശ്രദ്ധിക്കുന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ഖത്തർ ഡ്യൂട്ടി ഫ്രീ സീനിയർ വൈസ് പ്രസിഡന്റ് താബിത് മുസ്‌ലിഹ് പറഞ്ഞു. 70 ഔട്ട്‌ലറ്റുകളിലൂടെ പ്രതിവർഷം 60 ലക്ഷത്തിലധികം പേർക്കുള്ള ഭക്ഷണമാണ് ഡ്യൂട്ടി ഫ്രീയിലൂടെ നൽകുന്നത്.
ഖത്തർ ഡ്യൂട്ടി ഫ്രീയുടെ സേവനത്തെയും അംഗീകാരങ്ങളെയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പ്രകീർത്തിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന എയർപോർട്ട് ഫാബ് പ്ലസ് ഹോസ്പിറ്റാലിറ്റി കോൺഫറൻസിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളിലെ സ്വീകരണത്തിന്റെയും സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മൂഡി ഡേവിഡ് റേറ്റിങ് ഏജൻസി 2002 മുതൽ നൽകി വരുന്നതാണ് പുരസ്‌കാരം.