പത്തരമാറ്റിന്റെ പത്താണ്ടുകൾ; അമീർ അധികാരമേറ്റിട്ട് പത്ത് വർഷം
|ലോകകപ്പ് ഫുട്ബോളിലൂടെയും വിജയകരമായ നയതന്ത്ര ഇടപെടലുകളിലൂടെയും ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഖത്തര്‍
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സ്ഥാനാരോഹണത്തിന് 10 വയസ്. ലോകകപ്പ് ഫുട്ബോളിലൂടെയും വിജയകരമായ നയതന്ത്ര ഇടപെടലുകളിലൂടെയും ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഖത്തര്‍. പത്തരമാറ്റോടെ ഖത്തര്‍ തിളങ്ങിയ പത്ത് വര്‍ഷങ്ങള്‍.
2013 ജൂൺ 25ന് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പിൻഗാമിയായാണ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തറിന്റെ ഭരണാധികാരിയാകുന്നത്. ലോക ഭൂപടത്തില്‍ ഒരുമുത്തിനോളം മത്രം വലിപ്പമുള്ള കുഞ്ഞന്‍ രാജ്യം ഇന്ന് ലോകത്തിന്റെ തിലകക്കുറിയാണ്. രാഷ്ട്രീയ, സാമ്പത്തിക, കായിക മേഖലകളില്‍ ഖത്തര്‍ പ്ലേമേക്കറുടെ റോള്‍ വഹിച്ച കാലം. പ്രതിരോധക്കോട്ടകള്‍ നായകന്റെ ഇച്ഛാശക്തിയോടെ എതിര്‍ത്ത് തോല്‍പ്പിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ലോകകപ്പ് ആരാധകര്‍ക്ക് സമ്മാനിച്ചു, ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പദ്ധതി പ്രഖ്യാപിച്ച് ലോകത്തിന്റെ പവർഹൗസായി, ഖത്തറിന്റെ നയവും തന്ത്രവും അഫ്ഗാന്, ഇറാന് വിഷയങ്ങളില്‍ ലോകം കണ്ടറിഞ്ഞു. ഇക്കാലയളവില്‍ ഖത്തറിന്റെയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും തലോടലില്‍ ആശ്വാസം കണ്ടെത്തിയ രാജ്യങ്ങള്‍ നിരവധിയാണ്. തുര്‍ക്കിയിലെ ഭൂകമ്പത്തില്‍, സിറിയയിലെയും സുഡാനിലെയും കലുഷിത ഭൂമികളില്‍, ഗസ്സയിലെ നിരാലംബരുടെ നിലവിളികളില്‍ എല്ലാം ഖത്തര്‍ ഓടിയെത്തി. പൗരന്മാർക്കൊപ്പം സ്വദേശികളെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു, ഖത്തര്‍ ലോകകപ്പ് ഈ മണ്ണില്‍ ജീവിക്കുന്ന എല്ലാവരുടേതുമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു.
ചെറിയ രാജ്യത്തെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയായിരുന്നു അമീര്‍. ലോകകായിക വേദിയില്‍ ഖത്തറിന്റെ ക്യാപ്റ്റന്‍ പദവി അതിനുദാഹരണം. ഫുട്ബോളിന് പിന്നാലെ ബാസ്കറ്റ് ബോളും ഫോര്‍മുല വണും ക്രിക്കറ്റുമൊക്കെ ആ സ്വപ്നങ്ങളിലുണ്ട്. വിഷന്‍ 2030യെന്ന വലിയ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുകയാണ് പ്രതാപിയായ തമീം...