Qatar
എല്‍എന്‍ജി വിപണിയുടെ 40 ശതമാനം സ്വന്തമാക്കാൻ ഒരുങ്ങി  ഖത്തർ
Qatar

എല്‍എന്‍ജി വിപണിയുടെ 40 ശതമാനം സ്വന്തമാക്കാൻ ഒരുങ്ങി ഖത്തർ

Web Desk
|
12 July 2023 5:13 PM GMT

2026 ല്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ഖത്തറാണ് വേദി.

ദോഹ: ആഗോള പ്രകൃതിവാതക വിപണിയുടെ 40 ശതമാനം 2029 ഓടെ ഖത്തര്‍ സ്വന്തമാക്കുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സഅദ് ഷെരീദ അല്‍കാബി. കാനഡയില്‍ അന്താരാഷ്ട്ര എല്‍എന്‍ജി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡയിലെ വാന്‍കൂറില്‍ അന്താരാഷ്ട്ര എല്‍എന്‍ജി കോണ്‍ഫറന്‍സ് ആന്റ് എക്സിബിഷനില്‍ ലീഡര്‍ഷിപ്പ് ഡയലോഗ് സെഷനിലാണ് ഖത്തര്‍ ഊര്‍ജമന്ത്രി ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയത്.

2029ല്‍ വിപണിയിലെത്തുന്ന 40 ശതമാനം ദ്രവീകൃത പ്രകൃതി വാതകം ഖത്തറില്‍ നിന്നായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതിയാണ് ഖത്തര്‍ നടപ്പാക്കുന്നത്. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പദ്ധതികള്‍ പൂര്‍ണ തോതില്‍ എത്തുന്നതോടെ ഖത്തറിന്റെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 126 മില്യണ്‍ ടണ്‍ ആകും.

ഏറ്റവും കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ പെട്രോളിയം ഇന്ധനമാണ് ദ്രവീകൃത പ്രകൃതി വാതകം. വൈദ്യുതി ഉല്‍പാദന മേഖലയില്‍ ഉള്‍പ്പെടെ എല്‍എന്‍ജിയുടെ ആവശ്യകത കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ മൂന്ന് വര്‍ഷത്തിലുമാണ് എല്‍എന്‍ജി കോണ്‍ഫറന്‍സും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. 2026 ല്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ഖത്തറാണ് വേദി.

Similar Posts