ഖത്തര്‍ സമ്പദ് വ്യവസ്ഥക്ക് ഫിഫ ലോകകപ്പ് നേട്ടമാകുമെന്ന് സുപ്രീം കമ്മിറ്റി
|ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നീക്കിയിരിപ്പാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്
2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രാദേശിക സംഘാടകരമായ സുപ്രീം കമ്മിറ്റി. നിര്‍മ്മാണ മേഖലയ്ക്കും ടൂറിസത്തിനുമാണ് പ്രധാന നേട്ടമുണ്ടാകുകയെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍ തവാദി പറഞ്ഞു.
ബ്ലൂംബെര്‍ഗിന്റെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് 2022 ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന് അല്‍ തവാദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ലോകകപ്പിന് ആതിഥ്യമൊരുക്കല് വഴി ഖത്തറിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നീക്കിയിരിപ്പാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൃത്യമായ കണക്ക് ടൂര്‍ണമെന്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ പറയാനാകൂ. നിര്‍മ്മാണ മേഖലയ്ക്കും ടൂറിസത്തിനുമായിരിക്കും ലോകകപ്പ് പ്രധാന നേട്ടങ്ങള്‍ നല്‍കുക.
രാജ്യത്തിന്റെ കായിക സമ്പദ് വ്യവസ്ഥയ്ക്കുള്ള വലിയ ഉത്തേജകമായിരിക്കും ടൂര്‍ണമെന്റ്. കൂടാതെ രാജ്യത്തിന്റെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്കും നഗര വികസനത്തിനും ലോകകപ്പ് വലിയ സംഭാവനകള്‍ നല്‍കും.
ഖത്തറിന്റെ വളര്‍ച്ചയ്ക്ക് രാജ്യത്തെ ഓരോ ജനങ്ങളും അവരവരുടെതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരിഗണനാവിഷയമാണെന്നും ഹസ്സന് തവാദി കൂട്ടിച്ചേര്‍ത്തു