Qatar
Qatar has cut the rent of land in the industrial sector by up to 90 percent
Qatar

വ്യാവസായിക മേഖലയിലെ ഭൂമി വാടക 90 ശതമാനം വരെ വെട്ടിക്കുറച്ച് ഖത്തർ

Web Desk
|
30 Jun 2024 6:35 PM GMT

വാണിജ്യ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്

ദോഹ: ഭൂമി വാടക ഗണ്യമായി കുറച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. വ്യാവസായിക മേഖലയിലെ ഭൂമി വാടക 90 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. വാണിജ്യ പ്രവർത്തങ്ങൾക്കുള്ള ഭൂമിയുടെ വാർഷിക വാടക ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽ നിന്നും പത്തു റിയാലായി കുറച്ചു. ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിപ്പിക്കുക, രാജ്യവികസനത്തെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിർണായക തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ, വ്യാവസായ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവക്കെല്ലാം ഇളവ് ബാധകമാണ്.

ലോജിസ്റ്റിക് പദ്ധതികൾക്കുള്ള ഭൂമിയുടെ വാടക 75 ശതമാനം കുറയും. ചതുരശ്രമീറ്ററിന് 20 റിയാലായിരുന്നു നേരത്തെ വാർഷിക വാടക, ഇനി മുതൽ അഞ്ച് റിയാൽ മതി. വ്യാവസായിക ഭൂമിക്ക് നൽകിയിരുന്ന വാർഷിക വാടക 10 റിയാലിൽ നിന്ന് അഞ്ച് റിയാലായി കുറയും. വിവിധ ആവശ്യങ്ങൾക്കായാണ് ഭൂമി ഉപയോഗിക്കുന്നതെങ്കിൽ മുഴുവൻ ഭൂമിയുടെയും പ്രതിവർഷ വാടക ചതുരശ്ര മീറ്ററിന് 10 റിയാലാണ് വാടക. തൊഴിലാളികളുടെ താമസ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്ന ഭൂമിയുടെ വാടകയും ഒരു സ്‌ക്വയർ മീറ്ററിന് പത്തു റിയാൽ ആയിരിക്കും.

അതേ സമയം വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് സ്ഥാപങ്ങളിലെ തൊഴിലാളികളുടെ താമസത്തിന് സ്ഥാപനത്തോട് ചേർന്നുള്ള ഭൂമി ഉപയോഗിക്കുമ്പോൾ വാടക ചതുരശ്ര മീറ്ററിന് അഞ്ച് റിയാലായി കുറയും. ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് ഭൂമി ഉപയോഗിക്കുമ്പോൾ വാടക അഞ്ച് റിയാലാണ് നൽകേണ്ടത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക മേഖലയിലുള്ള ഭൂമിയുടെ കരാറുകൾ 25 വർഷത്തേക്ക് ആയിരിക്കുമെന്നും പുതിയ ഉത്തരവിലുണ്ട്. എന്നാൽ ഓരോ അഞ്ച് വർഷത്തിലും വാടക അവലോകനം ചെയ്യും. കഴിഞ്ഞ ദിവസം വ്യവസായ വാണിജ്ജ്യ മന്ത്രാലയം വിവിധ ഫീസുകളിൽ 90 ശതമാനത്തിലധികം ഇളവ് വരുത്തിയിരുന്നു.

Similar Posts