Qatar
Qatar has delivered 910 tons of essential goods including food and medicine to Gazza
Qatar

ഗസ്സയിലേക്ക് ഭക്ഷണവും മരുന്നുമടക്കം 910 ടൺ അവശ്യവസ്തുക്കൾ എത്തിച്ചെന്ന് ഖത്തർ

Web Desk
|
28 Nov 2023 3:11 PM GMT

ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഖത്തർ അന്താരാഷ്ട്ര സഹകരണമന്ത്രി ലുൽവ അൽ ഖാതിർ റഫ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഗസ്സ: ഗസ്സയിലേക്ക് ഇതിനോടകം 910 ടൺ വസ്തുക്കൾ സഹായമെത്തിച്ചതായി ഖത്തർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 300 ടണ്ണിലേറെ വസ്തുക്കളാണ് ഗസ്സക്ക് നൽകിയത്. ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഖത്തർ അന്താരാഷ്ട്ര സഹകരണമന്ത്രി ലുൽവ അൽ ഖാതിർ റഫ അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

മൂന്ന് ദിവസംകൊണ്ട് ദോഹയിൽ നിന്നും ഗസ്സയിലേക്ക് മരുന്നും ഭക്ഷണവുമായി 11 വിമാനങ്ങളാണ് പറന്നത്. മാനുഷിക സഹായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കൻ ഗസ്സയിലെത്തിയതിനു പിന്നാലെയാണ് സഹായ പ്രവാഹം ഖത്തർ ഇരട്ടിയാക്കിയത്. ഞായറാഴ്ച ഖത്തർ വ്യോമസേനയുടെ അഞ്ച് വിമാനങ്ങളാണ് മരുന്നും ഭക്ഷണവും ഉൾപ്പെടെ 144 ടൺ വസ്തുക്കളുമായി ഗസ്സയിലെത്തിയത്. 1000 ടെന്റുകൾ, അരിയും ധാന്യങ്ങളും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ, ആശുപത്രി ഉപകരണങ്ങൾ, ആംബുലൻസ് എന്നിവയാണ് പ്രധാനമായും വിമാനങ്ങളിൽ എത്തിച്ചത്. തിങ്കളാഴ്ച അൽ അരിഷിലെത്തിയ അഞ്ചു വിമാനങ്ങളിൽ 156 ടൺ വസ്തുക്കൾ എത്തിച്ചു.

ഇന്നത്തേത് അടക്കം ഒക്ടോബർ ഏഴു മുതൽ 27 വിമാനങ്ങളിലായി 910 ടൺ ദുരിതാശ്വാസവസ്തുക്കൾ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചു. ഖത്തർ റെഡ് ക്രസന്റും ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റും സംയുക്തമായാണ് ഗസ്സയിലേക്കുള്ള സഹായങ്ങൾ സജ്ജമാക്കുന്നത്. ആംബുലൻസുകൾ അടക്കമുള്ള സഹായമാണ് ഖത്തർ ഫലസ്തീൻ ജനതക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.

Similar Posts