വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി ഖത്തർ
|2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം
ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി ഖത്തർ ടൂറിസം. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യം ആവിഷ്‌കരിക്കുന്നത്. ഫോർമുല 1, സാംസ്‌കാരിക ഉത്സവങ്ങൾ, വെബ് ഉച്ചകോടി, ഫിഫ അറബ് കപ്പ് പോലെയുള്ള അന്താരാഷ്ട്ര പരിപാടികളുൾപ്പെടെ വരാനിരിക്കുന്ന നിരവധി ഇവന്റുകൾ ഉൾപ്പെടുത്തി 600ലധികം പരിപാടികളാണ് റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ആറ് വർഷം കൊണ്ട് പ്രതിവർഷം 60 ലക്ഷം സഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഇതുവഴി സാമ്പത്തിക വൈവിധ്യവത്കരണവും പ്രധാന അജണ്ടയാണ്.
കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം സന്ദർശകരാണ് ഖത്തറിലെത്തിയത്. ഫിഫ ലോകകപ്പിന് ശേഷം സഞ്ചാരികളുടെ വരവിൽ 26 ശതമാനമാണ് വർധന. ടൂറിസം റോഡ് മാപ്പ് പുറത്തിറക്കിയ ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി പങ്കെടുത്തു.