ഖത്തർ ഐ.സി.ബി.എഫ് ലോകതൊഴിലാളി ദിനം വിപുലമായി ആഘോഷിക്കുന്നു
|ദീർഘകാലം ഖത്തറിൽ പ്രവാസികളായ സാധാരണക്കാരായ തൊഴിലാളികളെ പരിപാടിയിൽ ആദരിക്കും.
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് ലോകതൊഴിലാളി ദിനം വിപുലമായി ആഘോഷിക്കുന്നു. മെയ് 10 ഏഷ്യൻ ടൗണിലാണ് പരിപാടി. ദീർഘകാലം ഖത്തറിൽ പ്രവാസികളായ സാധാരണക്കാരായ തൊഴിലാളികളെ പരിപാടിയിൽ ആദരിക്കും.
രംഗ് തരംഗ് എന്ന പേരിൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തോട് ചേർന്നുള്ള പാർക്കിങ് ഏരിയയിലാണ് ഐ.സി.ബി.എഫ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്. വൈകിട്ട് അഞ്ച് മണി മുതൽ പരിപാടികൾ തുടങ്ങും. ഐ.സി.ബി.എഫ് അഫിലിയേറ്റഡ് സംഘടനകളുടെയും ഖത്തറിലെ കലാകാരന്മാരുടെയും കലാപ്രകടനങ്ങൾ അരങ്ങേറും.
രംഗ് തരംഗിനോട് അനുബന്ധിച്ച് ദീർഘകാലം പ്രവാസ ജീവിതം നയിച്ചവരെ ആദരിക്കും. ഖത്തറിൽ ചുരുങ്ങിയത് മുപ്പത് വർഷം പൂർത്തിയാക്കിയ സാധാരണക്കാർക്ക് അപേക്ഷിക്കാം. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഖത്തർ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം. അന്താരാഷ്ട്ര തൊഴിലാളി സംഘടന,മനുഷ്യാവകാശ സംഘടന എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഐ.സി.ബി.എഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രംഗ് തരംഗിനായി മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പിഎൻ ബാബുരാജന്റെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഐ.സി.ബി.എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി വർക്കി ബോബൻ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.