Qatar
ഖത്തറില്‍ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷന്‍ ഉപയോഗം അവസാനിപ്പിക്കുന്നു
Qatar

ഖത്തറില്‍ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷന്‍ ഉപയോഗം അവസാനിപ്പിക്കുന്നു

Web Desk
|
26 Oct 2022 5:38 PM GMT

യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനയും ഒഴിവാക്കും

ഖത്തറില്‍ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷന്‍ ഉപയോഗം അവസാനിപ്പിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതി. അതോടൊപ്പം തന്നെ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനയും ഒഴിവാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് വ്യക്തമാക്കുന്ന ആപ്ലിക്കേഷനാണ് ഇഹ്തിറാസ്. കോവിഡ് ആരംഭകാലം മുതല്‍ കോവിഡ് നിയന്ത്രണത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ആപ്ലിക്കേഷനെയാണ്.

പുറത്തിറങ്ങാന്‍ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ വേണമെന്നായിരുന്നു നിബന്ധന.സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങി ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലെല്ലാം ഇപ്പോഴും ഇഹ്തിറാസ് പരിശോധിക്കുന്നുണ്ട്. നവംബര്‍ ഒന്നുമുതല്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രം ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സിഗ്നല്‍ കാണിച്ചാല്‍ മതിയാകും. ഇതോടൊപ്പം തന്നെ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ യാത്രക്ക് മുമ്പ് പിസിആര്‍, അല്ലെങ്കില്‍ റാപ്പിഡ് ആന്‍റിജന്‍ നെഗറ്റീവ് ഫലം കാണിക്കണമായിരുന്നു.

ഖത്തറിലെ താമസക്കാരാണെങ്കില്‍ ഇവിടെയെത്തിയ ശേഷം 24 മണിക്കൂറിന് മുമ്പ് ആന്‍റിജന്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. നവംബര്‍ മുതല്‍ ഈ പരിശോധനകള്‍ നടത്തേണ്ടതില്ല. നവംബര്‍ ഒന്നുമുതലാണ് ലോകകപ്പ് ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡില്‍ ഖത്തറിലേക്ക് ആരാധകര്‍ വന്നു തുടങ്ങുന്നത്. കളി കാണാനെത്തുന്നവരുടെ യാത്രയും ഖത്തറിലെ അവരുടെ ഷോപ്പിങ്ങുകളും അനായാസമാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് ഈ ഇളവുകള്‍.

Related Tags :
Similar Posts