ഖത്തര്‍ ഇന്‍കാസ്; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി കെപിസിസി പിന്‍വലിച്ചു
|ഖത്തര്‍ ഇന്‍കാസിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി കെപിസിസി പിന്‍വലിച്ചു. നിലവിലെ ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അടക്കമുള്ള നേതാക്കള്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്.
കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ഖത്തറില്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് രണ്ട് കമ്മിറ്റിയായാണ് പ്രവര്‍ത്തിക്കുന്നത്. സമീര്‍ ഏറാമലയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക കമ്മിറ്റിക്കെതിരെ കലാപമുയര്‍ത്തിയാണ് ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ പുതിയ ഇന്‍കാസ് നിലവില്‍ വന്നത്. കെപിസിസി വിലക്ക് ലംഘിച്ച് തെരഞ്ഞെടുപ്പും കമ്മിറ്റി രൂപീകരണവും നടത്തിയതോടെ മുതിര്‍ന്ന നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, ഐസിസി പ്രസിഡന്റ് കൂടിയായ എ.പി മണികണ്ഠന്, കെ.വി ബോബന്, ജോപ്പച്ചന്‍ തെക്കെക്കൂറ്റ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഈ അച്ചടക്ക നടപടി നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചതെന്നാണ് വിശദീകരണം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഖത്തറിലെത്തി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ നിലവിലുള്ള രണ്ട് സംഘടനകള്‍ തുടരുമോയെന്നും പിരിച്ചുവിടുമോയെന്നും കെപിസിസിയോ ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റിയോ വ്യക്തമാക്കിയിട്ടില്ല.