ഇന്തോ ഖത്തർ വ്യാപാര സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം ദോഹയിൽ നടന്നു
|ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇന്തോ ഖത്തർ വ്യാപാര സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. യോഗത്തിൽ പ്രാദേശിക കറൻസി, വ്യാപാരം, കസ്റ്റംസ്, സഹകരണം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ച നടത്തി. വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണം സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് വ്യാപാരം, നിക്ഷേപം, ഊർജം, ധനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
നിലവിൽ ഖത്തറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 13.5 ബില്യൺ ഡോളറായിരുന്നു. 20,000-ത്തിലധികം ഇന്ത്യൻ കമ്പനികൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. യോഗത്തിൽ ഇന്ത്യയിലെയും ഖത്തറിലെയും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പ്രതിനിധികൾ പങ്കെടുത്തു. ജെ.ഡബ്ല്യു.ജിയുടെ അടുത്ത യോഗം 2025ൽ ന്യൂഡൽഹിയിൽ വെച്ച് നടക്കും.