പ്രവാചകനെതിരെ അപകീർത്തി പരാമർശം: പ്രതിഷേധമറിയിച്ച് ഖത്തര്‍; ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി
|ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പുപറയുകയും വിവാദ പരാമർശങ്ങളെ അപലപിച്ച് അടിയന്തരമായി പ്രസ്താവന പുറത്തിറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കുറിപ്പിൽ ഖത്തർ
ദോഹ: ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ച് ഖത്തർ. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. നുപൂറിനെതിരെ ബി.ജെ.പി നടപടിയെടുത്ത ശേഷമാണ് ഖത്തറിന്റെ പ്രതികരണം.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. സംഭവത്തിൽ ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പുപറയുകയും വിവാദ പരാമർശങ്ങളെ അപലപിച്ചുകൊണ്ട് അടിയന്തരമായി പ്രസ്താവന പുറത്തിറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കുറിപ്പിൽ ഖത്തർ സൂചിപ്പിച്ചിട്ടുണ്ട്.
സമാധാനദൂതനായി വന്ന പ്രവാചകൻ മുഹമ്മദ് നബിയെ ലോകത്ത് രണ്ട് ബില്യനിലേറെ വരുന്ന മുസ്‌ലിംകൾ പിന്തുടരുന്നുണ്ട്. ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ അനുകരിക്കുന്ന വെളിച്ചമായി കൂടിയാണ് അദ്ദേഹത്തെ കരുതുന്നത്. ഇസ്‌ലാമിക വിരുദ്ധ പരാമർശങ്ങൾ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. വിദ്വേഷങ്ങളിലേക്കും അക്രമപരമ്പരകളിലേക്കും നയിക്കാനിടയുള്ള കൂടുതൽ മുൻവിധിക്കും അരികുവൽക്കരണത്തിനും ഇത് ഇടയാക്കുകയും ചെയ്യും-പ്രതിഷേധക്കുറിപ്പിൽ പറയുന്നു.
മതവിദ്വേഷം പരത്തുന്ന വിവാദ പരാമർശം ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹത്തോടുള്ള അവഹേളനമാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കം ലോകത്തെ നാഗരികതകളുടെ വളർച്ചയിൽ ഇസ്‌ലാം വഹിച്ച സുപ്രധാനമായ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ അജ്ഞത കൂടിയാണ് പരാമർശം സൂചിപ്പിക്കുന്നതെന്നും ഖത്തർ അഭിപ്രായപ്പെട്ടു.
ബി.ജെ.പി പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയതിനു പിന്നാലെ മാപ്പുപറഞ്ഞ് നുപൂർ ശർമ രംഗത്തെത്തിയിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ പരാമർശം പിൻവലിക്കുമെന്നുമാണ് ട്വിറ്ററിലൂടെ നുപൂർ പ്രതികരിച്ചത്. ബി.ജെ.പി ഡൽഹി മീഡിയ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയിട്ടുണ്ട്.
നേരത്തെ പ്രവാചകനെതിരായ അപകീർത്തി പരാമർശത്തെ തള്ളി ബി.ജെ.പി വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.
ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി റസാ അക്കാദമി മുംബൈ ഘടകം നൽകിയ പരാതിയിലായിരുന്നു നടപടി.
Summary: Qatar summons Indian Ambassador Dr. Deepak Mittal and condemns statements against the Prophet Muhammad by Nupur Sharma