ആഗോള സമാധാന സൂചികയില്‍ ഖത്തറിന് വീണ്ടും നേട്ടം
|മിഡില്‍ ഈസ്റ്റ് ഉള്‍പ്പെട്ട മെന മേഖലയിലെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി ഖത്തര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ആഗോള സമാധാന സൂചികയില്‍ ഖത്തറിന് വീണ്ടും നേട്ടം. ഓസ്ട്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എക്കണോമിക്സ് എല്ലാ വര്‍ഷവും പുറത്തുവിടുന്ന ആഗോള സമാധാന സൂചികയുടെ 2021 എഡിഷനിലാണ് ഖത്തര്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. മിഡില്‍ ഈസ്റ്റ് വടക്കന്‍ ആഫ്രിക്ക എന്നിവ ഉള്‍പ്പെട്ട മെന മേഖലയില്‍ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം റാങ്ക് ഖത്തറിനാണ്.
ജനങ്ങളുടെ സുരക്ഷ, സമാധാന പൂര്‍ണമായ ജീവിതാന്തരീക്ഷം, ആഭ്യന്തര പ്രശ്നങ്ങളില്ലാതിരിക്കല്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. 1605 പോയിന്‍റാണ് ഇത്തവണ ഖത്തര്‍ നേടിയത്. കഴിഞ്ഞ വര്‍ഷവും മെന മേഖലയില്‍ ഒന്നാം റാങ്ക് ഖത്തറിനായിരുന്നു. ആഗോള തലത്തില്‍ പതിനഞ്ചാം റാങ്കും ഇത്തവണ ഖത്തര്‍ നേടിയിട്ടുണ്ട്. സൂചികയനുസരിച്ച് ഐസ്‍ലാന്‍റ് തന്നെയാണ് ഇത്തവണയും ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം. 2008 മുതല്‍ ഐസ്‍ലാന്‍റ് ഈ നേട്ടം വഹിക്കുന്നു. ന്യൂസിലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടുതാഴെയുള്ളത്. അഫ്ഗാനിസ്ഥാനാണ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം.