വൈവിധ്യമാർന്ന പരിപാടികളുമായി പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഖത്തർ
|ലുസൈൽ ബൊലേവാദ്, കതാറ, സൂഖ് വാഖിഫ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷപരിപാടികളുണ്ടാകും
ദോഹ: വൈവിധ്യമാർന്ന പരിപാടികളുമായി പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഖത്തർ. ലുസൈൽ ബൊലേവാദ്, കതാറ, സൂഖ് വാഖിഫ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷപരിപാടികളുണ്ടാകും. നാളെ മുതൽ നാല് ദിവസത്തെ ആഘോഷ പരിപാടികളാണ് ലുസൈൽ ബൊലേവാദിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാലിന് തുടങ്ങുന്ന പരിപാടികൾ രാത്രി 11 വരെ തുടരും.
സ്റ്റേജ് ഷോകൾ, സാംസ്കാരികൾ പരിപാടികൾ, ലോക്കൽ മാർക്കറ്റ് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. കതാറയിലും നാല് ദിവസങ്ങളിലായി 50 ലേറെ പരിപാടികളുണ്ടാകും. വൈകിട്ട് മൂന്ന് മുതൽ രാത്രി 9 വരെ ആസ്വദിക്കാം. രാത്രി 12 മണിക്ക് വെടിക്കെട്ടും നടക്കും.
സൂഖ് വാഖിഫ്, വക്ര സൂഖ് എന്നിവിടങ്ങളിലും വെടിക്കെട്ടുണ്ടാകും.രാത്രി എട്ടരയ്ക്കാണ് വെടിക്കെട്ട്. മിശൈരിബിൽ 6 ദിവസവും മിനപോർട്ടിൽ ഈ മാസം 20 വരെയും ആഘോഷ പരിപാടികളുണ്ടാകും. പേൾ ഐലന്റിൽ ഗസ്സയിൽ നിന്നെത്തിയ കുരുന്നുകൾക്കായി ആഘോഷ പരിപാടികൾ ഒരുക്കും. ഖത്തറിന്റെ അതിഥികൾ എന്ന പേരിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന പരിപാടികളിൽ ഗസ്സയിൽ നിന്നുള്ള ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.