ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഖത്തർ
|ഓൺലൈൻ ഡാറ്റാബേസായ നംബിയോ പുറത്തുവിട്ട ലിസ്റ്റിലാണ് ഖത്തര്‍ രണ്ടാമതെത്തിയത്.
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഖത്തർ. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്സ് കൺട്രി ലിസ്റ്റിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്തെത്തിയത്. ഖത്തറിന് മുന്നിൽ യു.എ.ഇ ആണ് ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷവും ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയവയാണ് നംബിയോയുടെ സുരക്ഷാ സൂചിക പരിഗണിച്ചത്.
രാജ്യത്തിനകത്തും അതിർത്തികളിലും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജൻസികളും നിരന്തര പ്രയത്‌നമാണ് നടത്തുന്നത്. ഖത്തറിന്റെ ടൂറിസം മേഖലയിലും സുരക്ഷയുടെ സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.