അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനും ആതിഥേയത്വം വഹിക്കാൻ സന്നദ്ധമെന്ന് ഖത്തർ
|ഒക്ടോബർ 17-നാണ് പുതിയ ആതിഥേയരെ തീരുമാനിക്കുക. ആഗസ്റ്റ് 31 വരെ അപേക്ഷകൾ സ്വീകരിക്കും. നിലവിൽ ഖത്തറിന് പുറമെ ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏഷ്യാകപ്പ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ദോഹ: ലോകകപ്പിന് പിന്നാലെ അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ. ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ടൂർണമെന്റ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ ചൈനയിലായിരുന്നു ഏഷ്യാകപ്പ് ഫുട്‌ബോൾ നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചൈന പിന്മാറിയതോടെയാണ് പുതിയ ആതിഥേയരെ കണ്ടെത്താൻ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ശ്രമം തുടങ്ങിയത്.
ഒക്ടോബർ 17-നാണ് പുതിയ ആതിഥേയരെ തീരുമാനിക്കുക. ആഗസ്റ്റ് 31 വരെ അപേക്ഷകൾ സ്വീകരിക്കും. നിലവിൽ ഖത്തറിന് പുറമെ ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏഷ്യാകപ്പ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. 1988 ലും 2011 ലും ഖത്തർ ഏഷ്യാകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോളിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും ഉള്ളതിനാൽ ഖത്തറിന് അവസരം ലഭിച്ചാൽ അനായാസം ടൂർണമെന്റ് സംഘടിപ്പിക്കാനാകും. ഏഷ്യാകപ്പിന് ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്.