സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന് ലൈസന്‍സ് നിര്‍ബന്ധമാക്കി ഖത്തര്‍
|ഖത്തരി പൗരന്മാര്‍ക്ക് മാത്രമാണ് സ്വന്തം പേരില്‍ ലൈസന്‍സ് ലഭിക്കുക
സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന് ലൈസന്‍സ് നിര്‍ബന്ധമാക്കി ഖത്തര്‍. പെയ്ഡ് പ്രൊമോഷനുകളും പിആര്‍പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇങ്ങനെ പ്രതിഫലം വാങ്ങി വ്ലോഗിങോ മറ്റു സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവര്‍ ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശം.
പേഴ്സണല്‍ ഫൌണ്ടേഷന്‍ എന്ന ലേബലിലാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. 25000 റിയാലാണ് ലൈസന്‍സ് ഫീസ്. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം. 10000 ഖത്തര്‍ റിയാലാണ് ലൈസന്‍സ് പുതുക്കാനുള്ള നിരക്ക്.
നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അക്കൌണ്ട് ഫ്രീസിങ് അടക്കമുള്ള നടപടികള്‍ ഉണ്ടായതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദോഹ ന്യൂസ് പറയുന്നു.
കള്‍ച്ചറല്‍ മന്ത്രാലയത്തിന്റെ യൂസര്‍ ഗൈഡ് പ്രകാരം ഖത്തരി പൌരന്മാര്‍ക്ക് മാത്രമാണ് സ്വന്തം പേരില്‍ ലൈസന്‍സ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് സ്ഥാപങ്ങളുടെ പേരിലോ സ്പോണ്‍സറുടെ പേരിലോ അപേക്ഷിക്കേണ്ടി വരും.
സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനും അതുവഴിയുള്ള പണമിടപാടുകളും നിയമപരമാക്കുന്നതിന്റെ ഭാഗമായാണ് നിയമം ശക്തമാക്കുന്നത്.