പഴുതടച്ച സുരക്ഷ; 'വതൻ' അഭ്യാസവുമായി ഖത്തർ
|വിവിധ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ പരീക്ഷണങ്ങളുടെ ഭാഗമായാണ് പരിശീലന അഭ്യാസം നടക്കുന്നത്.
ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സൈനിക അഭ്യാസപ്രകടനമായ 'വതൻ എക്‌സസൈസ്' അടുത്തമാസം ആറു മുതൽ എട്ടു വരെ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ പരീക്ഷണങ്ങളുടെ ഭാഗമായാണ് പരിശീലന അഭ്യാസം നടക്കുന്നത്. സുരാക്ഷാ സേനാ വിഭാഗങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം.
ലഖ്‌വിയ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയം പി.ആർ വിഭാഗം ഡയറക്ടറും വതൻ എക്‌സസൈസ് മീഡിയ സെൽ കമാൻഡറുമായ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത, ലഖ്‌വിയ ഫോഴ്‌സ് ഫോർ ഫോർ ലോജിസ്റ്റിക്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷൻ അസി. കമാൻഡറും വതൻ കമാൻഡറുമായ കേണൽ മുബാറക് ഷെരീദ അൽ കഅബി, കമാൻഡ് ആന്റ് സിനാരിയോസ് പ്രിപറേഷൻ സെൽ കമാൻഡർ മേജർ മുഹമ്മദ് അഹമ്മദ് ജാബിർഅബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സാധാരണ സമയങ്ങളിലും, വൻ മേകളകളിലും ഉടലെടുക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള സന്നദ്ധത പരീക്ഷിക്കാനും, കാര്യക്ഷമത ഉയർത്താനും വേണ്ടിയാണ് 'വതൻ എക്‌സസൈസ്' ലക്ഷ്യമിടുന്നതെന്ന് ബിഗേഡിയർ അൽ മുഫ്ത വിശദീകരിച്ചു. ഓഫീസ്, ഫീൽഡ് അഭ്യാസങ്ങൾ ഉൾപ്പെടെയാണ് വതൻ പരിശീലനം ക്രമീകരിക്കുന്നത്. എല്ലാവിധ അപകടസാധ്യതകളെയും വെല്ലുവിളികളെയും അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിലൂടെയാണ് പരിശീലന പരിപാടി ്ക്രമീകരിക്കപ്പെട്ടത്.
2022 ലോകകപ്പ് മുന്നിൽ കണ്ട് നടത്തിയ 'വതൻ' അഭ്യാസം ഒരുപാട് മേഖലകളിൽ ഗുണകരമായ ഫലങ്ങൾ നൽകിയതായും, ഇവയിൽ നിന്നുള്ള പാഠങ്ങൾ ലോകകപ്പ് വേളയിൽ സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് പൊതുസുരക്ഷക്കായി ഉപയോഗപ്പെടുത്തിയെന്നും ബ്രിഗേഡിയർ അൽ മുഫ്ത വിശദീകരിച്ചു. വിവിധ സേനാ വിഭാഗങ്ങൾ, 30ഓളം സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, സ്വകാര്യ സുരക്ഷാ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഇത്തവണ വതൻ പരിശീലന പരിപാടിയിൽ പങ്കാളിയാകുമെന്ന് കേണൽ മുബാറക് ഷരീദ അൽ കഅബി പറഞ്ഞു. പൊതുജനങ്ങളുടെ ദൈനംദിന ജീവതത്തെ ബാധിക്കാതെയാവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലന പരിപാടികൾ നടക്കുന്നത്. ഫീൽഡ് പരിശീലനങ്ങൾക്ക് മുന്നോടിയായുള്ള ഓഫീസ് പരിശീലനങ്ങൾ ഒക്‌ടോബർ 30, 31, നവംബർ ഒന്ന് തീയതികളിലായി നടക്കും. ഫീൽഡ് പരിശീലനങ്ങൾ പ്രധാന സൈനിക-സേവന കേന്ദ്രങ്ങൾ, കര, സമുദ്ര അതിർത്തികൾ, വിമാനത്താവളങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ദോഹ, ദോഹ കോർണിഷ്, ദുഖാൻ, മിസൈദ്, സക്രീത്ത്, ദോഹ തുറമുഖം, ലുസെയ്ൽ, റസിഡൻഷ്യൽ ഏരിയകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലാണ് നടക്കുക.