തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴി പരിശോധിക്കാൻ സംവിധാനവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
|തൊഴില്‍ മേഖല മെച്ചപ്പെടുത്തുക ലക്ഷ്യം
സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിക്കാന്‍ സംവിധാനമൊരുക്കി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. സർക്കാർ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ ഗാർഹിക തൊഴിലാളികൾക്ക് കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
തൊഴില്‍ കരാര്‍ ആധികാരികമാക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതോടെ ഓട്ടോമാറ്റിക് കരാർ ഓഡിറ്റ് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.നാഷണൽ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിച്ച് തൊഴിലുടമകളുടെ പോർട്ടലിലൂടെ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. തൊഴിലാളികളുടെയും വ്യക്തികളുടെയും പോർട്ടലിലൂടെ കരാറിലെ വിവരങ്ങളും വ്യവസ്ഥകളും പരിശോധിക്കാനും അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനും സാധിക്കും.
11 വ്യത്യസ്ത ഭാഷകളിൽ കരാർ ലഭ്യമാണ്. സ്ഥിരീകരണത്തിന് ശേഷം സ്ഥാപനത്തിനും തൊഴിലാളിക്കും പ്രിൻ്റ് ചെയ്യാനുള്ള കരാറും ഇ പ്ലാറ്റ്‌ഫോം നൽകും.