ഖത്തർ ദേശീയ ടീം പരിശീലകൻ ഫെലിക്സ് സാഞ്ചസിനെ പുറത്താക്കി
|2006ൽ ആസ്പയർ അക്കാദമിയിലൂടെ ഖത്തറിലെത്തിയ അദ്ദേഹമാണ് ഖത്തർ ടീമിലെ പല സൂപ്പർ താരങ്ങളെയും കണ്ടെത്തിയത്.
ദോഹ. ഖത്തർ ദേശീയ ടീം പരിശീലകൻ ഫെലിക്സ് സാഞ്ചസിനെ പുറത്താക്കി. ലോകകപ്പിൽ ടീമിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വന്നതോടെയാണ് കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. സ്പെയിൻകാരനായ ഫെലിക്സ് സാഞ്ചസാണ് ഖത്തറിന്റെ ഇന്നത്തെ ദേശീയ ടീമിനെ വാർത്തെടുത്തത്. 2006ൽ ആസ്പയർ അക്കാദമിയിലൂടെ ഖത്തറിലെത്തിയ അദ്ദേഹമാണ് ഖത്തർ ടീമിലെ പല സൂപ്പർ താരങ്ങളെയും കണ്ടെത്തിയത്.
2013 വരെ ആസ്പയറിൽ തുടർന്ന അദ്ദേഹം 2013 മുതൽ 2017 വരെ ഖത്തർ അണ്ടർ 19 ടീമിന്റെ പരിശീലകനായിരുന്നു. 2017 ലാണ് ഖത്തർ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ൽ ഖത്തറിന് ഏഷ്യാകപ്പ് കിരീടം സമ്മാനിക്കാനും സാഞ്ചസിനായി. യൂത്ത് ടീമിനൊപ്പം അണ്ടർ 19 ഏഷ്യൻ ചാമ്പ്യൻഷിപ്പും നേടിയിരുന്നു. ബാഴ്സലോണ യൂത്ത് ടീമിനെ പരിശീലിപ്പിച്ചുകൊണ്ടാണ് ഫെലിക്സ് സാഞ്ചസ് പരിശീലകന്റെ റോൾ തുടങ്ങുന്നത്.