ഇലക്ട്രിക് എയർ ടാക്‌സി പരീക്ഷണത്തിനൊരുങ്ങി ഖത്തർ
|അടുത്ത വർഷം ആദ്യത്തോടെ പരീക്ഷണപ്പറക്കൽ നടത്തുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു
ദോഹ: റോഡിലെ തിരക്കുകളിൽ നിന്ന് മാറി ആകാശത്തിലൂടെ പറന്ന് ലക്ഷ്യത്തിലെത്തുന്ന കാലം അകലെയല്ല, ഇലക്ട്രിക് ടാക്‌സിയും ഡെലിവറി പ്ലെയിനുകളും ആകാശത്ത് വട്ടമിട്ട് പറക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഇലക്ട്രിക് എയർ ടാക്‌സി പരീക്ഷണത്തിനൊരുങ്ങുകയാണ് ഖത്തർ. അടുത്ത വർഷം ആദ്യത്തോടെ പരീക്ഷണപ്പറക്കൽ നടത്തുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെ ഹ്രസ്വദൂര സഞ്ചാരം സാധ്യമാക്കുന്ന എയർ ടാക്‌സിയും, ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷണത്തിനായി സജ്ജമായതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. 2025 തുടക്കത്തോടെ തന്നെ ഇവ രണ്ടും രജ്യത്ത് പരീക്ഷണ പറക്കൽ നടത്തും. പരിസ്ഥിതി സൗഹൃദവും, കാർബൺ പുറന്തള്ളൽ കുറച്ചുമുള്ള സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വമ്പൻ രാജ്യങ്ങൾ പരീക്ഷണം ആരംഭിച്ച എയർ ടാക്‌സിയും ഇലക്ട്രിക് ഡെലിവറി പ്ലെയിനും ഖത്തറിലുമെത്തുന്നത്.
പരീക്ഷണ പറക്കലിനുള്ള അനുമതികൾക്കായി നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതാണ് എയർ മൊബിലിറ്റി എന്ന പുതിയ ആശയം. ഖത്തർ ദേശീയ വികസന പദ്ധതിയുടെ മൂന്നാം ഘട്ടങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് പ്രോത്സാഹനം നൽകുന്നത്.